തിരുവനന്തപുരം: ഹൈസ്കൂൾ- ഹയർസെക്കൻഡറി ഏകീകരണത്തിന് എതിരെ പ്രതിപക്ഷ അനുകൂല അധ്യാപക സംഘടനകൾ ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകും. ഇതോടെ ഖാദർ കമ്മീഷൻ റിപ്പോർട്ടിനെ ചൊല്ലി ഈ അധ്യയന വർഷം കലുഷിതം ആകും എന്ന് ഉറപ്പായി.
ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ ഒരേ കുടക്കീഴിലാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നാലെയാണ് പ്രതിപക്ഷ അനുകൂല അധ്യാപക സംഘടനകൾ ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളും ഹർജിയിൽ കക്ഷി ചേരും. സർക്കാർ തീരുമാനത്തിനെതിരെ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ആറ് മുതൽ പ്രതിഷേധപരിപാടികൾക്ക് ഒരു വിഭാഗം അധ്യാപക വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനു മുന്നോടിയായി ഇന്ന് 14 ജില്ലകളിലും കൺവെൻഷനുകൾ ചേരും.
ജൂൺ ആറിന് തൃശ്ശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പ്രവേശനോത്സവം ബഹിഷ്കരിക്കും. അന്ന് വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കാനും പ്രതിപക്ഷ അനുകൂല അധ്യാപക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധം അറിയിച്ച് ജൂൺ 20ന് സംയുക്ത അധ്യാപക സമിതിയും 10ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകളും നിയമസഭയിലേക്ക് മാർച്ച് നടത്തും. കൂടാതെ വിദ്യാഭ്യാസമന്ത്രി പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളും ബഹിഷ്കരിക്കാനും സംയുക്ത അധ്യാപക സമിതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം അദ്ധ്യയനം മുടക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിയു അറിയിച്ചു. ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ഏകീകരണം എന്നാണ് സർക്കാർ വിശദീകരണമെങ്കിലും സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ അധ്യാപക വിദ്യാർഥി സംഘടനകളുടെ തീരുമാനം.