കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെത്തുടർന്ന് മെത്രാപ്പോലീത്ത ട്രസ്റ്റി സ്ഥാനം ഒഴിയാനുള്ള ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍റെ തീരുമാനം പാത്രിയാര്‍ക്കീസ് ബാവ അംഗീകരിച്ചു. എന്നാൽ കാതോലിക്കാ പദവിയിൽ തുടരണമെന്നും പാത്രിയാക്കീസ് ബാവ നിർദ്ദേശം നൽകി.
കാതോലിക്കാ ബാവയെ സഹായിക്കാൻ മൂന്ന് മുതിർന്ന മെത്രാപോലിത്തമാരെ ചുമതലപ്പെടുത്തി. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍. അടുത്ത സിനഡിൽ പുതിയ ട്രസ്റ്റിയെ തെരഞ്ഞെടുക്കാനും തീരുമാനമായി. പാത്രിയാർക്കീസ് ബാവ കേരളത്തിലെ യാക്കോബായ സഭാ തലവൻ ബസേലിയേസ് തോമസ് പ്രഥമൻ ബാവക്ക് അയച്ച കത്തിന്‍റെ പകർപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തെ തുടർന്നാണ്, സഭയുടെ കാതോലിക്കാ പദവിയിൽ നിന്നും മെത്രാപോലീത്ത ട്രസ്റ്റി പദവിയിൽ നിന്നും ഒഴിയാനുള്ള തീരുമാനം എടുത്തതെന്ന് പാത്രിയാക്കീസ് ബാവക്ക് ബസേലിയോസ് തോമസ് പ്രഥമൻ ബാവ അയച്ച കത്തിൽ പറയുന്നു. യാക്കോബായ സഭാ ഭരണസമിതിയില്‍ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും കാതോലിക്കാ ബാവയുടെ കത്തില്‍ പറയുന്നു. കഴിഞ്ഞ മാസം 27 ന് അയച്ച കത്തിനാണ് പാത്രിയാർക്കീസ് ബാവ മറുപടി നൽകിയത്. അതേ സമയം ഇന്ന് നടത്താനിരുന്ന യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റി യോഗം മാറ്റിവെച്ചു.