റിയാദ്: കൊവിഡ് പകർച്ചവ്യാധിയെത്തുടർന്ന് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ യാത്രാ വിലക്ക് തിങ്കളാഴ്ച മുതൽ സൗദി അറേബ്യ പിൻവലിക്കും. അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ രീതിയില്‍ നടത്താൻ തയാറാണെന്ന് അധികൃതർ അറിയിച്ചു. വായു, കര, കടൽ എന്നീ എല്ലാ അതിർത്തികളും മെയ് 17 മുതല്‍ തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അറിയിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊവിഡ് വാക്സിനുകൾ സ്വീകരിച്ച ആളുകളെയും, ആറ് മാസത്തിനുള്ളിൽ അണുബാധയിൽ നിന്ന് മുക്തിനേടിയവരെയും ഒരുമിച്ച് യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഉൾക്കൊള്ളുന്ന ആരോഗ്യ ഇൻഷ്വറൻസ് പോളിസി ഉണ്ടെങ്കിൽ 18 വയസ്സിന് താഴെയുള്ള പൗരന്മാർക്കും യാത്ര ചെയ്യാം.
അതേസമയം, മെയ് 20 മുതൽ സൗദി അറേബ്യയില്‍ എത്തുന്ന യാത്രക്കാർക്ക് ക്വാറന്‍റൈന്‍ ഏർപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ അധികൃതരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സൗദി പൗരന്മാർ, അവരുടെ പങ്കാളികൾ, കുട്ടികൾ എന്നിവരുൾപ്പെടെ ചില വിഭാഗത്തിലുള്ള യാത്രക്കാരെ ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കും. കൊവിഡ് വാക്സിനുകൾ സ്വീകരിച്ച യാത്രക്കാരെ കൂടാതെ, ഔദ്യോഗിക പ്രതിനിധികളും നയതന്ത്ര ഉദ്യോഗസ്ഥരും അവരോടൊപ്പം താമസിക്കുന്ന കുടുംബങ്ങളും നിര്‍ബന്ധിത ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കപ്പെടും.
Also Read: ഇസ്രയേല്‍-പലസ്‌തീന്‍ വിഷയത്തില്‍ പൊതുയോഗം ചേര്‍ന്ന് യുഎന്‍
28 ആഭ്യന്തര വിമാനങ്ങളും, 43 അന്താരാഷ്ട്ര വിമാനങ്ങളുമുള്‍പ്പെടെ 95 വിമാനത്താവളങ്ങളിൽ നിന്ന് 71 സ്ഥലങ്ങളിലേക്ക് സർവീസ് നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി സൗദി അറേബ്യൻ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച രാജ്യത്തെ വിമാനത്താവളങ്ങളിലുടനീളം 385 ഓളം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നിരുന്നാലും, കൊവിഡ് രൂക്ഷമായ നിരവധി രാജ്യങ്ങളിലേക്കുള്ള നേരിട്ടോ മറ്റൊരു രാജ്യത്തിലൂടെയോ ഉള്ള യാത്രകൾ മുൻകൂർ അനുമതിയില്ലാതെ ഇപ്പോഴും നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യ, ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ് എന്നിവയാണ് നിരോധനമുള്ള രാജ്യങ്ങൾ.