ആശുപത്രി മാലിന്യങ്ങള്‍ സമീപ പ്രദേശങ്ങളിൽ കുന്നുകൂടാന്‍ തുടങ്ങിയതോടെയാണ് തിരുവനന്തപുരം കുറ്റിച്ചല്‍ മൃഗാശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. പേവിഷബാധയുൾപ്പെടെ മാരകമായ രോഗങ്ങളുള്ള മൃഗങ്ങൾക്ക് ഉപയോഗിച്ച സൂചിയും സിറിഞ്ചും പ്ലാസ്റ്റിക് കവറുകളിലുംചാക്കുകളിലും കെട്ടിയാണ് സമീപ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നത്.
ആശുപത്രിക്കരികിലുള്ള കിണറിന്സമീപത്തായി മാലിന്യങ്ങള്‍ കത്തിച്ച നിലയിലും നാട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് വഴികള്‍ ഇല്ലാത്തതിനാല്‍ സമീപ പ്രദേശങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പോകുന്നത് കുറ്റിച്ചല്‍ ആശുപത്രിക്ക് സമീപത്തെ വഴിയിലൂടെയാണ്.
റോഡിൽ നിന്നും രണ്ടാൾ പൊക്കത്തിലുള്ള ആശുപത്രി കെട്ടിടത്തിന് ചുറ്റുമതിൽ ഇല്ല. അതുകൊണ്ടുതന്നെ മഴ പെയ്‌താൽ ഇവിടെ നിന്നുള്ള മലിന ജലം ഒഴുകിയെത്തുന്നത് അടുത്ത വീടുകളുടെപരിസരത്തേക്കാണെന്നും നാട്ടുകാര്‍ പറയുന്നു. നിരവധി തവണ മൃഗാശുപത്രി അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഇതുവരെ യാതൊരു നടപടിയും എടുക്കാൻ തയ്യാറാകാതെ മാലിന്യങ്ങള്‍ വീണ്ടും വഴിയിലിട്ട് കത്തിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.