തിരുവനന്തപുരം: നെയ്യാർ ചീങ്കണ്ണി പാർക്കില്‍ വെള്ളമില്ലാത്തതിനെ തുടർന്ന് ചീങ്കണ്ണി ചത്തതായി ആരോപണം. ചികിത്സയിലുണ്ടായിരുന്ന 47 വയസ്സുള്ള ആണ്‍ ചീങ്കണ്ണിയാണ് ചത്തത്. പാര്‍ക്കിലേക്കുള്ള ജലവിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് വെള്ളമെത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചതാണ് ചീങ്കണ്ണി ചത്തു പോകാനിടയായതെന്നാണ് ആരോപണം.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചീങ്കണ്ണി പാർക്കിലും മരക്കുന്നത്തെ ഡോർമിറ്ററി ഉൾപ്പടെയുള്ള സ്ഥലങ്ങളിലും ജലമെത്തിക്കാന്‍ സംവിധാനമില്ലായിരുന്നു. മോട്ടോര്‍ തകരാറിനെ തുടര്‍ന്നാണ് ജലവിതരണം തടസ്സപ്പെട്ടതെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാൽ പമ്പ് ചെയ്യുന്ന വെള്ളം ലീക്കായി പോകുന്നതാണെന്നും ഇത്തരം നിസാര തകരാർ തീർക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഡോര്‍മിറ്ററിയില്‍ പ്രകൃതിപഠന ക്യാമ്പിനെത്തുന്ന സഞ്ചാരികള്‍ വരെ ബക്കറ്റുകളില്‍ വെള്ളം ശേഖരിച്ച് ഉപയോഗിക്കേണ്ട ഗതികേടിലാണ്.