മോസ്കോ: ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് അംഗീകാരം നല്‍കിയത് റഷ്യയാണെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ റഷ്യ പിന്നോട്ട്. ജൂൺ പകുതിയോടെ രാജ്യത്തെ 146 ദശലക്ഷം ജനങ്ങളിൽ 30 ദശലക്ഷത്തിലധികം പേർക്കും, ഓഗസ്റ്റിൽ 69 ദശലക്ഷത്തിലധികം പേർക്കും കുത്തിവയ്പ് നല്‍കുമെന്നായിരുന്നു അധികാരികള്‍ അറിയിച്ചിരുന്നത്. 200ല്‍ അധികം സംസ്ഥാന, സ്വകാര്യ ക്ലിനിക്കുകൾ, ഷോപ്പിംഗ് മാളുകൾ, ഫുഡ് കോർട്ടുകൾ, ആശുപത്രികൾ, തിയേറ്റർ എന്നിവിടങ്ങളിൽ 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. അതിനിടെ ഏപ്രിൽ പകുതിയോടെ, മോസ്കോയിലെ 12.7 ദശലക്ഷം നിവാസികളിൽ 1 ദശലക്ഷത്തിലധികം ആളുകൾക്ക്, അല്ലെങ്കിൽ ഏകദേശം 8 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഷോട്ട് എങ്കിലും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ മൊത്തം റഷ്യയുടെ കണക്കെടുത്ത് നോക്കിയാല്‍ ഏപ്രിൽ 27 വരെ 12.1 ദശലക്ഷം ആളുകളാണ് കുറഞ്ഞത് ഒരു ഷോട്ട് എങ്കിലും എടുത്തിട്ടുള്ളത്. 7.7 ദശലക്ഷം അഥവാ 5 ശതമാനം പേർക്ക് മാത്രമാണ് പൂർണ്ണമായി വാക്സിനേഷൻ നൽകാന്‍ സാധിച്ചിട്ടുള്ളത്. 43 ശതമാനം പേർക്ക് കുറഞ്ഞത് ഒരു ഷോട്ടെങ്കിലും നല്‍കിയ യുഎസിനെക്കാൾ റഷ്യ വളരെ പിന്നിലാണ്. യൂറോപ്യൻ യൂണിയൻ പോലും 27 ശതമാനം വാക്സിന്‍ വിതരണം നടത്തിയിട്ടുണ്ട്.
Also Read: 60 ലക്ഷം വാക്‌സിനുകൾ സംസ്ഥാനങ്ങൾക്ക് എത്തിക്കുമെന്ന് കേന്ദ്രം
റഷ്യയിലെ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഡാറ്റ അനലൈസ് ചെയ്യുന്ന അലക്സാണ്ടർ ഡ്രാഗൺ കഴിഞ്ഞ ആഴ്ച രാജ്യം ഒരു ദിവസം 200,000-205,000 ആളുകൾക്ക് വാക്സിന്‍ നൽകുന്നുണ്ടെന്ന് അറിയിച്ചു. ജൂൺ പകുതിയോടെ ലക്ഷ്യത്തിലെത്താൻ, അതിന്‍റ ഇരട്ടിയോളം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമായ വാക്സിന്‍ നിര്‍മാണം നടക്കാത്തതും, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിക്കാത്തതുമെല്ലാമാണ് രാജ്യത്തെ വാക്സിനേഷന്‍ പദ്ധതിക്ക് തടസം നേരിടാന്‍ കാരണം.