കൊളംബോ: ഇന്ത്യയുടെയും ശ്രീലങ്കയുടെയും അഗ്നിശമന സേനയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ എംവി എക്‌സ്-പ്രസ് പേൾ കപ്പലിലെ അഗ്നിബാധ വൊള്ളിയാഴ്‌ചയോടെ പൂർണമായും ശമിപ്പിച്ചു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
മെയ് 20നാണ് കൊളംബോ തീരത്ത് വച്ച് കപ്പലിൽ തീ പടർന്നത്. കപ്പലിൽ നൈട്രിക് ആസിഡ് വച്ചിരുന്ന ഭാഗത്താണ് തീ പടർന്നത്. പിന്നീട് കപ്പലിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അപകടത്തിലായ ചരക്ക് കപ്പലിൽ ഫിലിപ്പീൻസ്, ചൈന, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളുണ്ടായിരുന്നു. കപ്പലിൽ നിന്ന് 25 ക്രൂ അംഗങ്ങളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. കപ്പൽ മുങ്ങാതിരിക്കാൻ ഇന്ത്യയിൽ നിന്ന് സഹായം ലഭിച്ചിരുന്നു. പരിക്കേറ്റ രണ്ട് ഇന്ത്യൻ പൗരന്മാരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം മറൈൻ എൻവയോൺമെന്‍റ് പ്രൊട്ടക്ഷൻ അതോറിറ്റി (എംഇപിഎ) അഗ്നിബാധയേറ്റ കപ്പലിന്‍റെ ആഘാതം വിലയിരുത്താൻ അന്വേഷണം നടത്തി. കപ്പലിന്‍റെ ക്യാപ്റ്റനും കമ്പനിക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കൊളംബോ ഹാർബർ പൊലീസിന് നിർദേശം നൽകിയതായും എംഇപിഎ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ കൊളംബോ മുതൽ പടിഞ്ഞാറൻ തീരത്തെ നെഗൊമ്പോ വരെ നീളുന്ന ബീച്ചുകളിൽ കപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങൾ പടർന്നതായി കാണാം. സിംഗപ്പൂർ രജിസ്‌ട്രേഷനിലുള്ള എക്‌സ്-പ്രസ് പേൾ 25 ടൺ നൈട്രിക് ആസിഡും മറ്റ് നിരവധി രാസവസ്തുക്കളും സൗന്ദര്യവർധക വസ്തുക്കളും അടങ്ങിയ 1,486 കണ്ടെയ്‌നറുകൾ മെയ് 15 ന് ഇന്ത്യയിലെ ഹസിറ തുറമുഖത്ത് നിന്ന് വഹിച്ചിരുന്നു.
കൂടുതൽ വായനയ്‌ക്ക്: ശ്രീലങ്കൻ തീരത്ത് കപ്പല്‍ തീപിടിത്തത്തിൽ സഹായവുമായി ഇന്ത്യ