തിരുവനന്തപുരം: കോട്ടയത്ത് രോഗനിർണ്ണയത്തിലെ പിഴവുമൂലം കീമോതെറാപ്പിക്ക് വിധേയയായ രജനിക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം നിർഭാഗ്യകരമാണ്. ഡോക്ടർമാരുടെ ഭാഗത്ത് അനാവശ്യമായ ധൃതിയുണ്ടായി. ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംഭവം അറിഞ്ഞപ്പോൾ തന്നെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സർക്കാർ പതോളജി ലാബിലെ റിപ്പോർട്ട് കിട്ടിയശേഷം ചികിത്സിക്കേണ്ടത് ആയിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ചോദ്യത്തിന് ആരോഗ്യ മന്ത്രി മറുപടി നല്‍കി.
സംസ്ഥാനത്തെ വൻകിട കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച പരിശോധന നടത്തുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 8611 കെട്ടിടങ്ങളിൽ പരിശോധന നടത്തിയതില്‍ 4095 ഇടത്ത് അഗ്നി സുരക്ഷാ സംവിധാനം ഇല്ല. ആയിരത്തോളം കെട്ടിടങ്ങളിൽ സ്ഥാപിച്ച സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ല. ഇവർക്ക് നോട്ടീസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ സംവിധാനം ഒരുക്കാൻ കർശന നിർദേശം നൽകിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.