ചണ്ഡീഗഢ്: പഞ്ചാബിലെ സംഗ്രൂരുവില്‍ 109 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുഴല്‍ക്കിണറില്‍ നിന്നും പുറത്തെത്തിച്ച രണ്ടു വയസുകാരന്‍ മരിച്ചു. ഭഗവല്‍പൂര്‍ സ്വദേശിയായ ഫത്തേവീര്‍ സിങിനെ പുലര്‍ച്ചെ അഞ്ചരയോടെയാണ് പുറത്തെത്തിച്ചത്. കുട്ടിയെ 140 കിലോമീറ്റര്‍ സഞ്ചരിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നതായും രണ്ട് ദിവസം മുമ്പേ മരണം നടന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ ആറിനാണ് കുട്ടി വീടിന് സമീപത്തെ 150 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്തനിവാരണസേനയും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സംഭവം നടന്ന് 40 മണിക്കൂറിന് ശേഷമാണ് കുട്ടി ചലിക്കുന്നതായി കണ്ടെത്തിയത്. കുഴല്‍ക്കിണറിലേക്ക് ക്യാമറ ഇറക്കിവച്ചാണ് കുട്ടിയെ നിരീക്ഷിച്ചിരുന്നത്. പൈപ്പ് വഴി ഓക്സിജന്‍ നല്‍കുകയും ചെയ്തിരുന്നു. കയര്‍ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ഫലം കണ്ടില്ല. സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തെ തുറന്നു കിടക്കുന്ന മുഴുവന്‍ കുഴല്‍ക്കിണറുകളും അടക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടു.