മുന്‍മന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. സിപിഐ, സിപിഎം പിന്നെ ബിജെപി അനുഭാവി ഇങ്ങനെയുള്ള എല്ലാ വിശേഷണങ്ങളും വിശ്വനാഥ മേനോന്‍ എന്ന മുന്‍ ധനമന്ത്രിയുടെ പേരിനോടൊപ്പം ചേര്‍ക്കാം. അടുപ്പമുള്ളവര്‍ക്കിടയില്‍ അമ്പാടി വിശ്വമെന്ന് അറിയപ്പെട്ടിരിന്ന വി വിശ്വനാഥ മേനോന്‍ 1927 ജനുവരി 15ന് എറണാകുളത്താണ് ജനിക്കുന്നത്. അഭിഭാഷകനായിരുന്ന അമ്പാടി നാരയാണ മോനോനാണ് അച്ഛന്‍. അമ്മ വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മ.
1946 ൽ ജവഹർലാൽ നെഹ‌്റുവിനെ അറസ‌്റ്റ‌് ചെയ‌്തതിൽ പ്രതിഷേധിച്ച‌് എറണാകുളത്ത‌് വിദ്യാർഥികൾ നടത്തിയ പ്രകടനത്തിനും തുടർന്ന‌് ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നൽകി . ഇതേ തുടർന്നും അറസ‌്റ്റ‌് ചെയ്യപ്പെട്ടു.
1947 മുതല്‍ മഹാരാജാസ് കോളേജിന് അമ്പാടി വിശ്വം സുപരിചിതനായിരുന്നു. സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ‌് കോളേജിൽ ദേശീയ പതാകക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന സർക്കാർ ഉത്തരവിനെ വെല്ലുവിളിച്ചു. കൊച്ചി രാജാവിന്റെ പതാക വലിച്ചു കീറി കത്തിച്ചു. ഇതേ തുടർന്ന‌് കൊച്ചി സർവകലാശാലയിൽ നിന്നും മഹാരാജാസ‌് കോളേജിൽ നിന്നും പുറത്താക്കി.
കൊച്ചി രാജാവ‌് പുറപ്പെടുവിച്ച ക്രമിനൽ നടപടി ഭേദഗതി നിയമത്തിനെതിരായി അസംബ്ലി കൈയേറ്റക്കേസിലും അറസ‌്റ്റ‌് ചെയ്യപ്പെട്ടു.
1949 ൽ പുണെ ലോ കോളേജിൽ ചേർന്നു. പിന്നീട‌് മുംബൈ ലോ കോളേജിലേക്കും മാറി. 1945 ൽ ഇന്ത്യൻ കമ്യൂണിസ‌്റ്റ‌് പാർട്ടി അംഗമായി. കമ്യൂണിസ‌്റ്റ‌് പാർട്ടിയും വിദ്യാർഥി ഫെഡറേഷനും നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ നിരോധനം ലംഘിച്ച‌് എറണാകുളത്ത‌് വിദ്യാർഥി ജാഥ നയിച്ചു. തുടർന്ന‌് ഒളിവിൽ പോയി.
1950 ഫെബ്രുവരി 28 ന‌് ഇടപ്പളളി പൊലീസ‌് സ‌്റ്റേഷനിൽ മർദ്ദനം അനുഭവിച്ചിരുന്ന കമ്യൂണിസ‌്റ്റ‌് പാർട്ടി പ്രവർത്തകരുടെ രക്ഷയ‌്ക്കെത്തി പൊലീസുമായി ഏറ്റുമുട്ടി. തുടർന്ന‌് ഇടപ്പള്ളി പൊലീസ‌് സ‌്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായി.
1950 ജൂലൈ 12 ന‌് ന്യൂഡൽഹിയിൽ അറസ‌്റ്റിലായി. ഡൽഹിയിലെ ജയിലിൽ ഏകാന്ത തടവ‌് അനുഭവിച്ചു. ഇന്ത്യയിലെ വിവിധ ജയിലുകളിൽ മാറിമാറിക്കിടന്ന‌് ഒടുവിൽ ആലുവ ജയിലിലെത്തി. പിന്നീട‌് ഇടപ്പള്ളി കേസിൽ നിരപരാധി എന്നു കണ്ട‌് കോടതി വിട്ടയച്ചു. പിന്നീട‌് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി. 1956 ൽ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി, എറണാകുളം, ഫോർട്ടുകൊച്ചി എന്നീ പ്രദേശങ്ങൾ ചേർത്ത‌് കൊച്ചി നഗരസഭ ഉണ്ടാക്കണം എന്ന പ്രമേയത്തിന്റെ അവതാരകനായിരുന്നു. 1960 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന‌് കമ്യൂണിസ‌്റ്റ‌് പാർട്ടി സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.
1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഐ എമ്മിൽ നിലകൊണ്ടു. 1964 ൽ ചൈനീസ‌് ചാരനെന്ന പേരിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ട് 18 മാസം ജയിലിൽ കഴിഞ്ഞു. 1967 ലെ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന‌് മുൻ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ സിപിഐ എം സ്ഥാനാർഥിയായി മൽസരിച്ച‌് വിജയിച്ചു. പാർലമെന്റിന്റെ പല പ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സർവകലാശാല രൂപീകരിച്ചപ്പോൾ നോമിനേറ്റ‌് ചെയ‌്ത സെനറ്റിൽ അംഗമായി.
1971 ൽ നടന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ൽ രാജ്യസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്താണ‌് അടിയന്താരാവസ്ഥയിൽ ഉണ്ടായ രാജൻ സംഭവം രാജ്യസഭയിലൂടെ ആദ്യമായി ഉന്നയിച്ചത‌്. കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമര സേനാനികൾക്ക‌് നൽകുന്ന താമ്രപത്രം നിരസിച്ചു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയംഗമായിരുന്നു.
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന‌് മൽസരിച്ചു വിജയിച്ച‌് ഇകെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. പിൽക്കാലത്ത‌് കുറച്ചു കാലം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന‌് വിട്ടു നിന്നിരുന്നു.12 വര്‍ഷം ഫാക്ടിന്‍റെ യൂണിയന്‍ പ്രസിഡന്‍റായും 14 വര്‍ഷം ഇന്‍റല്‍ യൂണിയന്‍ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചു.എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് 2003 ല്‍ ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ എന്‍ഡിഎ വിമതനായി മത്സരിച്ച് പരാജയപ്പെട്ടു.
‘കാലത്തിനൊപ്പം മായാത്ത ഓർമകൾ’എന്നതാണ് ആത‌്മകഥ. ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം) , മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.ഭാര്യ കെ പ്രഭാവതി മേനോൻ റിട്ടയേഡ് ടീച്ചറാണ്. മക്കൾ: അഡ്വ. വി അജിത‌് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ) ഡോ. വി മാധവചന്ദ്രൻ, മരുമക്കൾ: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസർ സെന്റ‌് പീറ്റേഴ‌്സ‌് കോളേജ‌്, കോലഞ്ചേരി) പ്രീതി മാധവ‌് (അസി. പ്രൊഫസർ എംഇഎസ‌് കോളേജ‌്, എടത്തല). കലൂർ ദേശാഭിമാനി റോഡ‌് ടാഗോർ സ‌്ട്രീറ്റ‌് വടക്കൂട്ട‌് വീട്ടിലായിരുന്നു താമസം.