വൈദികരുടെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുളള നടപടികൾ സ്വീകരിക്കാൻ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച ബിഷപ്പുമാരുടെ സമ്മേളനത്തിന് ഇന്ന് വത്തിക്കാനില്‍ തുടക്കമാകും. വൈദികരുള്‍പ്പെട്ട ലൈംഗിക പീഡനങ്ങള്‍ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഫ്രാൻസിസ് മാര്‍പാപ്പ അസാധാരണ സമ്മേളനം വിളിച്ചത്.
130 രാജ്യങ്ങളില്‍ നിന്നായി വിവിധ മെത്രാന്‍ സമിതികളുടെ 130 പ്രതിനിധികളും വത്തിക്കാന്‍ പ്രതിനിധികളും ഉള്‍പ്പടെ 190 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. ഇരകള്‍ക്ക് എങ്ങനെ നീതി നല്‍കാനാകുമെന്നതാണ് സമ്മേളനത്തിന്‍റെപ്രധാന അജന്‍ഡ. പീഡനങ്ങളെക്കാള്‍ അവ മൂടി വയ്ക്കുന്നതുമൂലം ഇരകള്‍ക്കും സഭയ്ക്കും വലിയ ആഘാതം നേരിടേണ്ടി വരുന്നതായി വത്തിക്കാന്‍ വിലയിരുത്തുന്നു.ഇത് കണക്കിലെടുത്താണ് പ്രത്യേക സമ്മേളനത്തിന് മാര്‍പാപ്പ തീരുമാനിച്ചത്.
തെറ്റുകള്‍ തിരുത്താനുളള ശ്രമം കാണണമെന്നും സഭയെ ഇകഴ്ത്താന്‍ ഇത്തരം അവസരം വിനിയോഗിക്കുന്നത് പൈശാചികശക്തികളുടെ സഹചാരികളാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കെതിരെ വിമര്‍ശനവുമായി രണ്ട് കര്‍ദിനാള്‍മാര്‍ ബിഷപ്പുമാര്‍ക്ക് തുറന്ന കത്തെഴുതി. ലൈംഗികാതിക്രമല്ല, മറിച്ച് അധികാര ദുർവിനിയോഗമാണ്സഭ നേരിടുന്ന പ്രധാനപ്രശ്നമെന്നാണ് കത്തിലെ ആരോപണം.