ന്യൂഡൽഹി: കൊൽകത്തയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രകടനത്തിനിടയിൽ തകർന്ന നവോത്ഥാന നായകൻ ഈശ്വർ ചന്ദ്രാ വിദ്യാസാഗറിന്റെ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് നരേന്ദ്ര മോദി. പ്രതിമ തകർന്നതിനെ ചൊല്ലി ബിജെപിയും തൃണമൂൽ കോൺഗ്രസും പരസ്പരം പഴിചാരിയിരുന്നു. ബംഗാളിലെ ജനങ്ങൾക്ക് വൈകാരികമായി ഏറെ അടുപ്പുള്ള ഒന്നാണ് ഈശ്വർ ചന്ദ്രാ വിദ്യാസാഗറിന്റെ പ്രതിമ.
അമിത് ഷായുടെ റോഡ്ഷോയ്ക്കിടയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിമ തകർക്കാൻ ശ്രമിക്കുന്നത് കണ്ടുവെന്ന് മോദി പറഞ്ഞിരുന്നു. വിദ്യാസാഗറിന്റെ ദർശനത്തിന് ഞങ്ങൾ ഒരുപാട് വില കല്പിക്കുന്നുണ്ടെന്നും തൽസ്ഥാനത്ത് അദ്ദേഹത്തിന്റെ പഞ്ചലോഹ പ്രതിമ സ്ഥാപിക്കുമെന്നും മോദി അറിയിച്ചു.
അമിത് ഷായുടെ റോഡ് ഷോയ്ക്കിടയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാസാഗർ കോളജിന് മുന്നിലുള്ള പ്രതിമ തകർന്നത്. ഇതേ തുടർന്ന് അമിത്ഷായ്ക്കെതിരെ മുദ്രാവാക്യമുയർത്തി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപിയുടെ പ്രകടനം തകർക്കാനുള്ള മമത ബാനർജിയുടെ നീക്കമാണിതെന്നും ആക്ഷേപമുണ്ട്.