കൊളംബോ: കാറിടിച്ച് കാല്‍നടയാത്രികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. കൊളംബോയിലെ പനാദുര എന്ന സ്ഥലത്ത് വെച്ചാണ് അപകടം. മെന്‍ഡിസ് സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. 74 വയസുള്ള വയോധികനാണ് കൊല്ലപ്പെട്ടത്. ഇന്ന് തന്നെ മെന്‍ഡിസിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് പരിശീലനം പുനരാരംഭിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ കുശാല്‍ മെന്‍ഡിസ്. 44 ടെസ്റ്റുകളിലും 76 ഏകദിനങ്ങളിലും അദ്ദേഹം ശ്രീലങ്കയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം ഹെറോയിന്‍ കൈവശം വെച്ച കുറ്റത്തിന് ശ്രീലങ്കന്‍ പേസര്‍ ഷെഹാന്‍ മധുഷങ്കക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയമലംഘനത്തിനെതിരെയും താരത്തിന് എതിരെ കേസെടുത്തിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കരാറുള്ള ഒരു താരം ആദ്യമായാണ് മയക്കുമരുന്ന് കൈവശം വെച്ചതിന് പിടിയിലാകുന്നത്.