പത്തനംതിട്ട : സംസ്ഥാനത്ത് ഈ മാസം 9 വരെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിച്ച് പത്തനംതിട്ട പൊലീസ്. സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പൊലീസ് പരിശോധന കര്‍ശനമാക്കിയതായി ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. ഞായര്‍ വരെ ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്നും അനാവശ്യമായി വാഹനങ്ങള്‍ പുറത്തിറക്കുന്നില്ലെന്നും ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്നും പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്.
ALSO READ ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസടക്കം കര്‍ശനമായ നിയമനടപടികള്‍ എടുക്കുന്നുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. വേണ്ടിവന്നാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും മറ്റും സമയക്ലിപ്തത പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. സത്യവാങ്മൂലമോ മതിയായ രേഖകളോ തിരിച്ചറിയല്‍ കര്‍ഡുകളോ ഇല്ലാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. എല്ലാ പൊലീസുദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്നും ഒരു തരത്തിലുമുള്ള ലംഘനങ്ങളും അനുവദിക്കില്ലെന്നും ജില്ല പോലീസ് മേധാവി വ്യക്തമാക്കി.
ALSO READ 37,000 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് ദിവസങ്ങളിലായി പത്തനംതിട്ടയില്‍ ആകെ 457 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 459 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 14 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, 6 കടകള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. മാസ്‌ക് വയ്ക്കാത്തതിന് ഈ ദിവസങ്ങളിലായി 3800 ആളുകള്‍ക്ക് നോട്ടിസ് കൊടുക്കുകയോ പെറ്റികേസ് എടുക്കുകയോ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 2657 പേര്‍ക്കെതിരെ പെറ്റി കേസ് എടുത്തു. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.