കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കാറിൽ കടത്തിയ നാല് ലക്ഷം രൂപയുടെ പാൻ മസാലയുമായി ഒരാൾ പിടിയിൽ. അടൂർ നെല്ലിമുകൾ സ്വദേശി ജയൻ എന്ന ജയകുമാറാണ് പിടിയിലായത്. പത്തനാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ കുന്നിക്കോട്ട് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കേരളത്തിൽ നാലു ലക്ഷം രൂപ വിലവരുന്ന പാൻ മസാല തമിഴ്നാട്ടിൽ നിന്ന് രണ്ടര ലക്ഷത്തിനാണ് മൊത്ത വ്യാപരത്തിനായി കൊണ്ടുവന്നത്. ജയകുമാറിനെതിരെ പൊലീസിലും എക്സൈസിലുമായി ആറു കേസുകൾ നിലവിലുണ്ട്.
ജയകുമാർ പ്രതിയായ സ്പിരിറ്റ് കേസിന്റെ നടത്തിപ്പിന് വേണ്ടിയാണ് വൻ തുകയുടെ പാൻമസാല കടത്തി വിൽക്കുന്നത്. സ്പിരിറ്റ് കേസിൽ നിന്നും വ്യത്യസ്തമായി ശിക്ഷയും പിഴയും കുറവായത് കാരണമാണ് ഇയാൾ പാൻ മസാലക്കടത്തിലേക്ക് തിരിഞ്ഞതെന്ന് പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ് പറഞ്ഞു.