ലണ്ടന്‍: ഉമിനീര്‍ വിലക്കിനെ തുടര്‍ന്ന് പന്തിന്‍റെ തിളക്കം കൂട്ടാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ സ്‌പിന്നർമാർ ബദല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായി സ്പിന്‍ ബൗളിങ്ങ് പരിശീലകന്‍ മുഷ്താഖ് അഹമ്മദ്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഐസിസി കൊണ്ടുവന്ന പുതിയ നിയമങ്ങളോട് പൊരുത്തപ്പെടാന്‍ പാക് താരങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മാഞ്ചസ്റ്ററില്‍ 14 ദിവസത്തെ ക്വാറന്‍റൈനില്‍ കഴിയുകയാണ് പാകിസ്ഥന്‍ ക്രിക്കറ്റ് ടീം. പാക് ടീമിന്‍റെ ആദ്യ ടെസ്റ്റ് മത്സരം ഓള്‍ഡ് ട്രാഫോഡില്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. പര്യടനത്തിന്‍റെ ഭാഗമായി പാക് ടീം സന്നാഹ മത്സരങ്ങളിലും കളിക്കും.
മികച്ച രീതിയില്‍ പരിശീലനം നടത്തുന്ന പാക് ടീം ഇംഗ്ലണ്ടില്‍ പരമ്പര സ്വന്തമാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. മുന്‍ പാകിസ്ഥാന്‍ താരം കൂടിയായ മുഷ്താഖ് അഹമ്മദ് 1992ലും 1996ലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിന്‍റെ ഭാഗമായിട്ടുണ്ട്. 1996-ല്‍ പാകിസ്ഥന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.