പാകിസ്താനിലെ ബലൂചിസ്താനില്‍ ബോംബ് സ്ഫോടനത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ബലൂചിസ്താനിലെ ക്വറ്റ ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് സമീപമാണ് ഇന്ന് രാവിലെ സ്ഫോടനം നടന്നത്. സംഭവത്തിന് പിന്നാലെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഫോടനം നടന്ന സ്ഥലം പരിശോധിച്ചു. പരിക്കേറ്റവരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനം ആസൂത്രിതമാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഗാദ്വാറിലെ ഹോട്ടലില്‍ നാല് പേരുടെ മരണത്തിന് കാരണമായ തീവ്രവാദി ആക്രമണത്തിന് പിന്നാലെയാണ് ഇന്ന് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ബുധനാഴ്ച ലാഹോറില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിലും അഞ്ച് പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.