ന്യൂഡല്‍ഹി: ലഡാക്ക് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനീകര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആ നഷ്ടം വാക്കുകളാല്‍ വിവരിക്കാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു.
'ലഡാക്കിലെ ഗാൽവാനിൽ നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനിടയിൽ ധീരരായ സൈനികരെ നഷ്ടപ്പെട്ടതിന്റെ വേദന വാക്കുകളിൽ പറയാൻ കഴിയില്ല. ഇന്ത്യയെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച അനശ്വരരായ നായകരെ രാഷ്ട്രം അഭിവാദ്യം ചെയ്യുന്നു. അവരുടെ ധൈര്യം ഭൂമിയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു' അമിത് ഷാ ട്വീറ്റ് ചെയ്തു.
കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ സംഘർഷാവസ്ഥയിൽ അയവ് വരുത്താൻ സൈനിക, നയതന്ത്ര ചർച്ചകളിലൂടെ ശ്രമം തുടരവേയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. തിങ്കളാഴ്ച രാത്രി ചൈനീസ് സേന അതിർത്തിയിൽ നിന്നുളള പിന്മാറ്റ ധാരണ ലംഘിച്ച് മുന്നോട്ടുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. ചൈനയിലെ 43 ജവാന്മാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ ചൈനീസ് കമാൻഡിങ് ഓഫീസറും ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.