അബുദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് 165 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് ബാംഗ്ലൂര്‍ പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്.
അര്‍ദ്ധസെഞ്ച്വറിയോടെ 74 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കലിന്‍റെ മികവിലാണ് ബാംഗ്ലൂര്‍ ശക്തമായ സ്‌കോര്‍ സ്വന്തമാക്കിയത്. 45 പന്തില്‍ ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദേവ്ദത്തിന്‍റെ ഇന്നിങ്സ്. മറ്റൊരു ഓപ്പണറായ ജോഷ്വ ഫിലിപ്പെ 24 പന്തില്‍ 33 റണ്‍സ് എടുത്ത് പുറത്തായി. ദേവ്‌ദത്ത് പടിക്കലും ഫിലിപ്പെയും ചേര്‍ന്ന് 71 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
വണ്‍ഡൗണായി ഇറങ്ങിയ നായകന്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതീക്ഷക്ക് ഒത്ത് ഉയരാത്തത് ബാംഗ്ലൂരിന് തിരിച്ചടിയായി. കോലി ഒമ്പത് റണ്‍സെടുത്തും എബിഡി 10 റണ്‍സെടുത്തും പുറത്തായപ്പോള്‍ മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തി.
മുംബൈക്ക് വേണ്ടി സ്റ്റാര്‍ പോസര്‍ ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബുമ്ര ഐപിഎല്ലില്‍ 100 വിക്കറ്റുകളെന്ന നേട്ടവും സ്വന്തമാക്കി.