മുംബൈ: മഹാരാഷ്ട്രയിൽ പ്രാദേശിക ട്രെയിനുകളിൽ കുട്ടികളെ കർശനമായി വിലക്കി റെയിൽവേ ബോർഡ്. കൊവിഡ് വ്യാപനത്തിനിടയിൽ ട്രെയിനുകളിൽ ധാരാളം വനിതാ യാത്രക്കാർ കുട്ടികളുമായി യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി.
കുട്ടികളോടൊപ്പമുള്ള സ്ത്രീകളെ തടയാൻ സ്റ്റേഷനുകളുടെ ഓരോ പ്രവേശന കവാടത്തിലും ആർപിഎഫിനെ നിയോഗിക്കുകയും അവിടെ വച്ച് തന്നെ കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് റെയിൽവേ ബോർഡ് അറിയിച്ചിരിക്കുന്നത്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ നിശ്ചിത സമയങ്ങളിൽ വനിതാ യാത്രക്കാർക്ക് അനുമതി നൽകി കൊണ്ട് ഡിആർഎം/എംഎംസിടി നിർദേശം പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒക്ടോബറിൽ മഹാരാഷ്ട്ര സർക്കാർ എല്ലാ സ്ത്രീകൾക്കും പ്രാദേശിക ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുമതി നൽകുകയും ചെയ്തു.
അതേ സമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ ദിവസം 6,406 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 18,02,365 ആയി ഉയരുകയും ചെയ്തു.