ഭുവനേശ്വര്‍: ബാലസോർ ജില്ലയിലെ നീലഗിരി നിയോജക മണ്ഡലം എംഎല്‍എ സുകന്ത കുമാർ നായകിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഒഡിഷയില്‍ വൈറസ് സ്ഥിരീകരിക്കുന്ന ആദ്യത്തെ നിയമസഭാംഗമാണ്. ഇദ്ദേഹമിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹം തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്. തന്‍റെ നിയോജകമണ്ഡലത്തിലെ ചില യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ബാലസോറിലെ മുൻ എംഎൽഎയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതായും നായക് പറഞ്ഞു.
സംസ്ഥാനത്തുടനീളം വർധിച്ചുവരുന്ന കൊവിഡ് -19 കേസുകൾ കണക്കിലെടുത്ത് ഒഡിഷ നിയമസഭാ സ്പീക്കർ എസ്.എൻ പാട്രോ സഭയുടെ വിവിധ കമ്മിറ്റികളുടെ എല്ലാ യോഗങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. വനിതാ സ്വാശ്രയ ഗ്രൂപ്പുകളുടെ ഒത്തുചേരലിലും ഭുവനേശ്വറിലും സ്വന്തം മണ്ഡലത്തിലുമുള്ള വിവിധ യോഗങ്ങളിളും നായക് പങ്കെടുത്തിരുന്നു. ഛത്രപൂർ ഗ്രാമത്തിൽ നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. നായക്കുമായി അടുത്ത സമ്പര്‍ക്കം പുലർത്തിയിരുന്ന ആളുകളെ തിരിച്ചറിയാൻ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബാലസോർ ജില്ലയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് ദിവസം മുമ്പ് എംഎൽഎ സ്ഥലം സന്ദർശിച്ചതിനാൽ ഓഫീസ് ശുചിത്വവൽക്കരിക്കുകയാണെന്ന് ബാലസോർ ജില്ലാ സബ് കലക്ടർ ഹരിചന്ദ്ര ജെന പറഞ്ഞു. വളരെ അടിയന്തരമായിട്ടല്ലാതെ തൽക്കാലം സർക്കാർ ഓഫീസുകളിലേക്ക് പൊതുജനങ്ങള്‍ വരരുതെന്ന് കലക്ടര്‍ അറിയിച്ചു.
ബാലസോർ ജില്ലയിൽ 412 കൊവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 324 രോഗികൾ സുഖം പ്രാപിച്ചു. ജില്ലയിൽ സജീവമായ കേസുകളുടെ എണ്ണം 86 ആണ്. കൊവിഡ്-19 പ്രതിസന്ധി പരിഹരിക്കുന്നതിന് ജൂലൈ മാസം നിർണായകമാകുമെന്ന് ആരോഗ്യ മന്ത്രാലയവും ഒഡിഷ ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കർ, വർധിച്ചുവരുന്ന കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് നിയമസഭാ സമിതി യോഗങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് പറഞ്ഞു.
നിയമസഭയുടെ മൺസൂൺ സെഷൻ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ നടക്കേണ്ടതായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സർക്കാരും എടുക്കുന്ന തീരുമാനത്തിന് അനുസൃതമായി തങ്ങൾ പ്രവർത്തിക്കുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. യോഗങ്ങൾ താൽക്കാലികമായി നിർത്തിവെച്ച സ്പീക്കറുടെ നടപടിയെ ബിജെപി ചീഫ് വിപ്പ് മോഹൻ മാജി വിമര്‍ശിച്ചു. നിയമസഭാ സമിതി യോഗങ്ങളില്‍ 10-12 അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താമെന്നും അനാവശ്യമായി നിര്‍ത്തിവെക്കേണ്ട ആവശ്യമില്ലെന്നും മോഹൻ മാജി പറഞ്ഞു.