കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പത്ത് പേരില്‍ ഒമ്പത് പേര്‍ക്കും നിപയില്ല. ഒരാളുടെ പരിശോധന ഫലം കിട്ടിയിട്ടില്ല. നോര്‍ത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച വ്യക്തിയെ കളമശ്ശേരിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും എറണാകുളം ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും കൂടുതല്‍ ശ്രദ്ധ നല്‍കി, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടുകൊണ്ടുപോകാന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. എന്‍ ഐ വി പൂനെയില്‍ നിന്നുള്ള സംഘം മെഡിക്കല്‍ കോളജില്‍ ക്യാമ്പ് ചെയ്ത് ലാബ് പരിശോധന, അണുവിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നേതൃത്വം നല്കുന്നുണ്ട്. എന്‍ ഐ വിയിലെ ഡോ. സുദീപ്, ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫീല്‍ഡ് ബയോളജി സംഘം വവ്വാലുകളുടെ പഠനത്തിന് പരിഗണിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി വടക്കേക്കര സന്ദര്‍ശിച്ചു. വവ്വാലുകളുമായി ബന്ധപ്പെട്ട പരിശോധന നടത്തുന്നതിനുള്ള സാങ്കേതിക വിഭാഗം ജീവനക്കാരുടെ പ്രവര്‍ത്തനം ഇതിനോടനുബന്ധിച്ച് ആരംഭിക്കും. വനം വകുപ്പിലെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും ഇതില്‍ പങ്കാളികളാകും. സ്വകാര്യ ആശുപത്രികള്‍ നിരീക്ഷിക്കുന്നതിനായി നാല് ടീമുകള്‍ പ്രവര്‍ത്തനനിരതമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.