എറണാകുളം: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്ന് എറണാകുളം ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫറുള്ള പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇനി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളവര്‍ നാല് പേരാണ്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മെഡിക്കല്‍ കോളജിലുള്ള ഒരു രോഗിയുടെ രണ്ടാം ഘട്ട സാമ്പിള്‍ പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഒരു രോഗിയുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
ജില്ലയില്‍ മെയ് മാസത്തില്‍ സംഭവിച്ച 1,798 മരണങ്ങളുടെ രേഖകള്‍ പൂര്‍ണമായും പരിശോധിച്ചു. നിപ സംശയിക്കത്തക്ക മരണങ്ങളൊന്നും കണ്ടെത്തിയില്ല. ഇന്ന് 4000 പേര്‍ക്ക് നിപ രോഗ പ്രതിരോധ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതേവരെ 30,198 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുണ്ടായിരുന്ന 47 പേരെ നിരീക്ഷണ കാലയളവായ 21 ദിവസം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഒഴിവാക്കി. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 283 ആണ്. ഇതില്‍ 52 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 231 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും തുടരുന്നു. 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോരുത്തരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കും. നിരീക്ഷണപട്ടികയിലെ അവസാനത്തെ ആളിനും രോഗലക്ഷണം ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിപ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിപ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും. രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ നിരീക്ഷണം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ തുടര്‍ന്നും നടത്തും. കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനവും തുടരും. നിപ ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ 11 ദിവസമായി നടന്നുവന്നിരുന്ന കോര്‍ കമ്മറ്റി കോര്‍ഡിനേഷന്‍ മീറ്റിംഗ് അവസാനിച്ചുവെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള അറിയിച്ചു.