കൊല്ലം: നിപ വൈറസ് ബാധ സംശയിച്ച് മൂന്നുപേർ കൊല്ലത്ത് നിരീക്ഷണത്തിൽ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എഞ്ചിനിയറിങ് വിദ്യാർഥിയുടെ സഹപാഠികളാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാർഥിക്കൊപ്പം തൊടുപുഴയിലെ കോളജിൽ പഠിച്ച ഇവർ, തൃശ്ശൂരിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും കൂടെയുണ്ടായിരുന്നു. ഇവരിൽ രണ്ടുപേർ കൊട്ടാരക്കര സ്വദേശികളും ഒരാൾ തഴവ സ്വദേശിയുമാണ്. മൂന്നു പേർക്കും നിലവിൽ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേർന്നു. സംശയത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയായി. രോഗം പകരാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷെര്‍ലി അറിയിച്ചു. ഇതിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലും ഐസലേഷൻ വാർഡുകൾ തുറന്നെന്നും അവര്‍ പറഞ്ഞു.