തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനറാ ബാങ്കിനെതിരെ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തെ തുടർന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കലക്ടര്‍ കെ വാസുകി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാനറാ ബാങ്കിന്റെ ജപ്തി നടപടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിന്‍റെ നടപടിയില്‍ നേരത്തെ തന്നെ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കടകംപള്ളി സുരേന്ദ്രനും അതൃപ്തി അറിയിച്ചിരുന്നു.
കാനറാ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് വീട് വെക്കുന്നതിനായാണ് ഇവര്‍ അഞ്ചു ലക്ഷം രൂപ വായ്പ എടുത്തത്. തിരിച്ചടക്കുന്നതില്‍ മുടക്കം വന്നതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങുകയായിരുന്നു. അമ്മയുടെയും മകളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. മൃതദേഹങ്ങളുമായി ബാങ്കിനു മുന്നില്‍ പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.