ഐഎസിന്‍റെ പുതിയ ഭാഗമായ ഹര്‍ക്കത്ത് ഉള്‍ ഹര്‍ബ് ഇ ഇസ്ലാം ഭീകരര്‍ക്കായി ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ദേശീയ അന്വേഷണ ഏജന്‍സി തെരച്ചില്‍ നടത്തി. സംഘടനയുമായി ബന്ധമുള്ള അറസ്റ്റിലായ രണ്ടു പേരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള മുഹമ്മദ് ഗഫ്രാന്‍, മുഹമ്മദ് ഫൈസ് എന്നിവരെ ചോദ്യം ചെയ്തതിന്‍റെ പിന്നാലെയാണ് അമ്രോഹയിലെ നൗഗവ സാദത്ത്, സൈദ്പൂര്‍ എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തിയത്. ഉത്തര്‍പ്രദേശിലും, ഡല്‍ഹിയിലും ഉള്‍പ്പെടെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഫൈസിനെ ദില്ലിയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ശനിയാഴ്ചയാണ് അമ്രോഹയില്‍ നിന്നും ഗഫ്രാനെ കസ്റ്റഡിയിലെടുത്തത്.
ഡിസംബര്‍ 26ന് എന്‍ഐഎ 17 സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലുകള്‍ക്ക് ഒടുവില്‍ പത്തു ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ സംഘത്തലവന്‍ മുഫ്തി മുഹമ്മദ് സുഹൈല്‍ അമ്രോഹയിലെ ഒരു പള്ളിയില്‍ പുരോഹിതനായിരുന്നു. ഇവര്‍ രാഷ്ട്രീയക്കാരേയും സുരക്ഷാ മേഖലകളേയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിരുന്നു. തെരച്ചിലില്‍ വന്‍ ആയുധശേഖരവും പ്രാദേശികമായി നിര്‍മ്മിച്ച റോക്കറ്റ് ലോഞ്ചറും സ്ഫോടക വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഡല്‍ഹിയിലും ഉത്തരേന്ത്യ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും രാഷ്ട്രീയക്കാരേയും ആക്രമിക്കാന്‍ ഹര്‍ക്കത്ത് ഉള്‍ ഹര്‍ബ് ഇ ഇസ്ലാം പദ്ധതിയിടുന്നതായി തെരച്ചിലിന് ശേഷം എന്‍ഐഎ കണ്ടെത്തിയിരുന്നു.