വാഷിങ്ടണ്‍: രാജ്യത്തെ സര്‍ക്കാര്‍ ജോലികള്‍ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചന നല്‍കി സര്‍ക്കാരിനെ കാര്യക്ഷമമാക്കാന്‍ ചുമതല നല്‍കിയിട്ടുള്ള, സംരംഭകനില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്ക് എത്തിയ വിവേക് രാമസ്വാമിയും ടെസ്‌ല ഉടമ എലോണ്‍ മസ്‌കും. വന്‍തോതില്‍ ആളുകളെ പിരിച്ച് വിടേണ്ടി വരുമെന്നും വിവേക് രാമസ്വാമി വ്യക്തമാക്കി.
ഇത്തരമൊരു നടപടി രാജ്യത്തെ രക്ഷിക്കാനാണെന്നും വിവേക് രാമസ്വാമി പറഞ്ഞു. ഇന്ത്യന്‍ വംശജനായ രാമസ്വാമി ഫ്ലോറിഡയിലെ മാര്‍ ആ ലാഗോയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. "കഴിഞ്ഞ നാല് വര്‍ഷമായി രാജ്യം അധഃപതിച്ച് കൊണ്ടിരിക്കുകയാണ്. പുരാതന റോമന്‍ സാമ്രാജ്യത്തിന്‍റെ അന്ത്യത്തിലേത് പോലെയാണ് രാജ്യത്തെ കാര്യങ്ങള്‍ ഇപ്പോള്‍.
ഇത്തരത്തില്‍ തകരുന്ന ഒരു രാഷ്‌ട്രമായി നമുക്ക് നിലകൊള്ളാനാകില്ല. തിരിച്ച് പൂര്‍വ സ്ഥിതിയിലേക്ക് വന്നേ മതിയാകൂ. ഇനിയാണ് നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും നല്ല ദിനങ്ങള്‍ വരാനിരിക്കുന്നത്- വിവേക് രാമസ്വാമി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"അമേരിക്കയില്‍ പുതിയൊരു പുലരിക്ക് തുടക്കമാകുകയാണ്. നമ്മുടെ പ്രതിബദ്ധതയിലൂടെയും അര്‍പ്പണത്തിലൂടെയും നാം നമ്മുടെ രാജ്യത്തെ വീണ്ടും തിരികെ കൊണ്ടു വന്നുവെന്ന് നമ്മുടെ കുട്ടികളോട് പറഞ്ഞ് കൊടുക്കാന്‍ നമുക്ക് കഴിയണം. വര്‍ണഭേദങ്ങളില്ലാതെ കഴിവുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കും" അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെ കാര്യക്ഷമമാക്കാനുള്ള വകുപ്പിന്‍റെ പ്രവര്‍ത്തന പുരോഗതി എല്ലാ ആഴ്‌ചയും ലൈവായി പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്നും മസ്‌കും രാമസ്വാമിയും അറിയിച്ചു.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമാക്കാനാണ് തങ്ങളുടെ ശ്രമം. രാജ്യത്തിന്‍റെ സ്ഥാപകരുടെ അഭിമാനമായിരുന്ന വിധത്തിലുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാക്കാനാണ് തങ്ങളുടെ ശ്രമം. പ്രസിഡന്‍റ് ട്രംപിന് നല്‍കിയ മൃഗീയ ഭൂരിപക്ഷത്തിനുള്ള പ്രതിഫലം ജനങ്ങള്‍ക്ക് നല്‍കാനാണ് തങ്ങളുടെ ശ്രമമെന്നും ഇരുവരും വ്യക്തമാക്കി.
വലിയ ഉദ്യോഗസ്ഥവൃന്ദമെന്നാല്‍ വലിയ ചെലവും കുറഞ്ഞ നൂതനതയുമെന്നാണ് അര്‍ഥമെന്നും രാമസ്വാമി ചൂണ്ടിക്കാട്ടി. ഇതാണ് അമേരിക്കയിലെ ഭക്ഷ്യ- ഔഷധ വകുപ്പ്, ആണവ നിയന്ത്രണ കമ്മിഷന്‍, തുടങ്ങിയവയില്‍ കാണാനാകുന്നത്. അവര്‍ എങ്ങനെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ആശങ്കപ്പെടുന്നുണ്ട്. കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല.
രാജ്യത്തെ ഏറ്റവും മികച്ച ആശയങ്ങളുള്ളവരെ കൂട്ടിയിണക്കാനാണ് തങ്ങളുടെ ശ്രമം. ഇതൊരു പുത്തന്‍ മാന്‍ഹട്ടണ്‍ പദ്ധതിയാകും. രാജ്യത്തെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള ഏറ്റവും വലിയ തടസം ഉദ്യോഗസ്ഥവൃന്ദമാണ്. ആ ചെലവ് വെട്ടിച്ചുരുക്കി ആ പണം സംരക്ഷിക്കാനാണ് ശ്രമം. സ്വയംഭരണം പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്നും രാമസ്വാമി വ്യക്തമാക്കി.