മുംബൈ: ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ദളിത് വനിത ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. മരിച്ച പായൽ തദ്വിയുടെ കൂടെ താമസിച്ചിരുന്ന ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖണ്ഡൽവാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പായലിന്‍റെ ആത്മഹത്യയെ തുടർന്ന് മൂന്നുപേരും ഒളിവിലായിരുന്നു.
മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പായലിന്‍റെ മാതാപിതാക്കൾ മുംബൈ ബിവൈഎൽ നായർ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. പായലിന്‍റെ മാതാപിതാക്കൾക്കൊപ്പം ഭർത്താവ് ഡോ. സൽമാൻ തദ്വിയും സമരത്തിൽ പങ്കെടുത്തു. ജാതീയമായ അധിക്ഷേപവും മാനസിക പീഡനവുമാണ് പായലിന്‍റെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് ഡോ. സൽമാൻ പറഞ്ഞു.