തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിക്ക് ശേഷം കോടിയേരി ബാലകൃഷ്ണൻ നടത്തിയ വിലയിരുത്തലിലൂടെ പ്രകടമാകുന്നത് യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ സത്യസന്ധതയും വസ്തുനിഷ്ഠവുമായ രാഷ്ട്രീയ വിലയിരുത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും എടുത്ത നിലപാട് കേരളീയ സമൂഹം പാടെ തിരസ്‌കരിച്ചുവെന്ന സത്യസന്ധമായ രാഷ്ട്രീയ നിലപാടാണ് സിപിഎം ഉള്‍ക്കൊള്ളേണ്ടിയിരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഓരോ പ്രസ്താവനയും ആയിരകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത് കേന്ദ്രത്തില്‍ മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ വികാരം മാത്രമല്ല പിണറായി സര്‍ക്കാര്‍ ഓരോ ജനകീയ പ്രശ്‌നങ്ങളിലും സ്വീകരിച്ച നിലപാടുകളുടെയും ആത്മാര്‍ത്ഥയില്ലാത്ത നടപടികളുടെയും വിലയിരുത്തല്‍ കൂടിയാണ്. കൂടാതെ മുഖ്യമന്ത്രിയുടെ അഹന്തയും ധാര്‍ഷ്ഠ്യവും കലര്‍ന്ന രാഷ്ട്രീയം സിപിഎമ്മിനെ പ്രതീകൂലമായി ബാധിച്ചുവെന്ന് പറയാനുള്ള ചങ്കൂറ്റം സംസ്ഥാന കമ്മിറ്റിയിലെ ഒരംഗം പോലും കാണിച്ചില്ലായെന്നതാണ് കേരളത്തിലെ സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
സിപിഎമ്മിന്റെ സംസ്ഥന കമ്മിറ്റിയില്‍ പോലും സ്റ്റാലിനിസ്റ്റായ മുഖ്യമന്ത്രിയുടെ മുന്നില്‍ മുട്ടിടിച്ച് നില്‍ക്കുന്ന നേതൃത്വമായി സിപിഎം മാറി. കേരളത്തിലെ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകളും കേരളീയ പൊതുസമൂഹവും ഇത് നന്നായി വിലയിരുത്താന്‍ തയ്യാറാകണം. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി വിലയിരുത്തുന്ന കാര്യത്തില്‍ സിപിഎം അഖിലേന്ത്യതലത്തിലും ദയനീയമായി പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഉടനീളം സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.