തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ച് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ധൃതി പിടിച്ച് നടപ്പാക്കുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായും അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നത്. ഇത് വിദ്യാഭ്യാസ രംഗത്തെ സംഘര്‍ഷ ഭരിതമാക്കും. സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരം തകര്‍ക്കും എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മേഖലയിലെ ചെറിയ പരിഷ്‌ക്കാരം പോലും സൂക്ഷ്മതയോടെയാണ് നടപ്പാക്കേണ്ടത്. സങ്കുചിതമായ രാഷ്ട്രീയ താൽപര്യം വെച്ച് ചെയ്യേണ്ടതല്ല വിദ്യാഭ്യാസ പരിഷ്‌ക്കരണം. സിപിഎമ്മിന്‍റെ അധ്യാപക സംഘടനാ നേതാക്കളുടെ താൽപര്യ പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽകരിക്കാനുള്ള നീക്കം വിദ്യാർഥികളോടും സമൂഹത്തോടും ചെയ്യുന്ന തെറ്റാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്ട്ടിന്റെ ആദ്യ ഭാഗം മാത്രമേ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. രണ്ടാം ഭാഗം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഭരണപരമായ പരിഷ്‌ക്കാരങ്ങളാണ് ഒന്നാം ഭാഗത്തില്‍. ഗൗരവമേറിയ അക്കാദമിക് കാര്യങ്ങള്‍ രണ്ടാം പകുതിയിലാണ്. റിപ്പോര്‍ട്ട് പുറത്ത് വരാതെ നടപ്പാക്കുന്നത് വിദ്യാഭ്യാസ മേഖലെയയും, വിദ്യാർഥികളുടെ ഭാവിയെയും തകര്‍ക്കും. അധ്യാപകരുടെ പ്രമോഷനെയും അധികാരത്തെയും ഇതെല്ലാം ബാധിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.