ആലപ്പുഴ: സംസ്ഥാനത്ത് നിരവധി പുഴകളാണ് ജനകീയ മുന്നേറ്റത്തിലൂടെ സംരക്ഷിക്കപ്പെട്ടതെന്നും ഈ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നും ധനകാര്യ, കയർ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്. ബുധനൂർ കുട്ടൻപേരൂർ ആറിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
ജനകീയ കൂട്ടായ്മയിൽ നിരവധി നദികളാണ് സംരക്ഷിക്കപ്പെടുന്നത്. ഇതിൽ എടുത്ത് പറയേണ്ട പേരാണ് കുട്ടൻപേരൂർ ആറ്. ജനകീയ കൂട്ടായ്മയിലൂടെ തൊഴിലുറപ്പ് പദ്ധതി വഴിയാണ് കുട്ടൻപേരൂർ ആറിന്‍റെ പോളയും പായലും കോരി നീരൊഴുക്ക് സുഗമമാക്കിയത്. രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി നാല് കോടി രൂപ ചെലവിട്ടാണ് ജലസേചന വകുപ്പ് മുൻകയ്യെടുത്ത് ആറിന്റെ തീരങ്ങളിൽ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷണം ഏർപ്പെടുത്തിയത്. തുടർ പ്രവർത്തനങ്ങൾക്കായി പത്ത് കോടി 20 ലക്ഷം രൂപയാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
കുട്ടൻപേരൂർ ആറ് സജീവമാകുന്നതോടുകൂടി ചെങ്ങന്നൂരിലെ പരമ്പരാഗത കൃഷി വർധിക്കുകയും, ചെങ്ങന്നൂർ തരിശ് രഹിതമാവുകയും ചെയ്യും. ചരിത്ര പ്രസിദ്ധമായ കുട്ടൻപേരൂർ ആറ് മാന്നാർ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വഴി ടൂറിസം സാധ്യത ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാല് കോടി രൂപ ഉപയോഗിച്ച് 20 മീറ്റർ വീതിയിലാണ് കുട്ടൻപേരൂർ ആറ് പുനർനിർമിച്ചത്. ഈ സാഹചര്യത്തിൽ പുഴ 50 മീറ്റർ വീതിയിൽ കൂടി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പത്ത് കോടി 20 ലക്ഷം രൂപ വകയിരുത്തി രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.