ലോകത്തിലെ ഏറ്റവും ആഴമേറിയ പ്രദേശമായ മരിയാന ട്രഞ്ചിലും പ്ലാസ്റ്റിക് മാലിന്യം. സാഹസികനായ വിക്ടര്‍ വെസ്കോവോയാണ് പസിഫിക് സമുദ്രത്തിന് അടിത്തട്ടില്‍ പ്ലാസ്റ്റിക് ബാഗ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. ആദ്യമായാണ് ഇത്രയും ആഴമേറിയ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തുന്നത്.
ഏറ്റവും ആഴമേറിയ ഭാഗത്ത് എത്തിച്ചേര്‍ന്ന മനുഷ്യന്‍റെ റെക്കോര്‍ഡ് മറിക്കടക്കുന്നതിനിടെയാണ് പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കൂടിയായ വിക്ടറിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ 11 കിലോമീറ്ററലധികം ഇറങ്ങിച്ചെന്ന വിക്ടര്‍ 1960 ലെ റെക്കോര്‍ഡാണ് തകര്‍ത്തത്. മരിയാന ട്രഞ്ചില്‍ എത്തിച്ചേരുന്ന മൂന്നാമത്തെ വ്യക്തിയാണ് വിക്ടര്‍. പ്രശസ്ത ഹോളിവുഡ് സിനിമാ സംവിധായകന്‍ ജെയിംസ് കാമറൂണായിരുന്നു ഇതിനു മുമ്പ് ഇവിടെ എത്തിച്ചേര്‍ന്ന വ്യക്തി.