ഗോവന്‍ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും കരുത്തനും ജനകീയനുമായ മുഖ്യമന്ത്രിയായാണ് മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീക്കർ വിലയിരുത്തപ്പെടുന്നത്. ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് രാജ്യത്തെ സമുന്നത രാഷ്ട്രീയ നേതാക്കളിലൊരാളായി മാറിയ സംഭവബഹുലമായ രാഷ്ട്രീയ ജീവിതം. ഏവരാലും അംഗീകരിക്കപ്പെട്ട ഭരണപാടവം. വികസനത്തിന് മുന്‍തൂക്കം നല്‍കിയുള്ള പരീക്കറുടെ ഭരണരീതിയും മികച്ച പ്രതിച്ഛായയും എതിരാളികള്‍ക്കിടയില്‍പ്പോലും ആദരവ് ഉളവാക്കിയിരുന്നു.
ഒരു ഇന്ത്യൻ സംസ്ഥാനത്തിന്‍റെ എംഎൽഎ പദവിയിലെത്തുന്ന ആദ്യ ഐഐടി ബിരുദധാരിയാണ് പരീക്കര്‍. 1994ലാണ് പരീക്കര്‍ ആദ്യമായി ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് മൂന്ന് തവണ ഗോവയുടെ മുഖ്യമന്ത്രി കസേരയിലിരുന്നു. ആദ്യം 2000 മുതൽ 2005 വരെയും പിന്നീട് മാർച്ച് 2012 മുതൽ നവംബർ 2014 വരെയും ഗോവ മുഖ്യമന്ത്രി സ്ഥാനത്ത്. 2014 മുതൽ 2017 വരെ മോദി സര്‍ക്കാരിൽ പ്രതിരോധ വകുപ്പ് മന്ത്രിയായി സേവനം അനുഷ്ഠിച്ച പരീക്കര്‍ 2017ൽ വീണ്ടും ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു.
1955 ഡിസംബർ 13 ഗോവയിലെ മാപുസയിൽ ജനനം. മർഗോവയിലെ ലൊയോള ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും മറാത്തിയിൽ ഹയർ സെക്കന്‍ററി വിദ്യാഭ്യാസവും. തുടർന്ന് ഐഐടി മുംബൈയിൽ നിന്ന് മെറ്റലർജിക്കൽ എഞ്ചിനീയറിങിൽ ബിരുദം. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ ആർഎസ്എസിന്‍റെ സജീവപ്രവർത്തകനായിരുന്നു. ആദ്യം നോർത്ത് ഗോവയിലും പിന്നെ സംസ്ഥാനമെമ്പാടും സംഘടനയെ വളർത്തി. അയോധ്യ രാമജന്മഭൂമിയുമായി ബന്ധപ്പെട്ടുണ്ടായ സംഘപരിവാർ നീക്കങ്ങളിൽ പങ്കാളിയായ പരീക്കര്‍ 1994ൽ ആദ്യമായി എംഎൽഎ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ൽ പ്രതിപക്ഷനേതാവായി. തൊട്ടടുത്ത വർഷം 2000 ഒക്ടോബർ 24ന് ബിജെപിയെ ഗോവയിൽ അധികാരത്തിലെത്തിച്ചു. ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീടുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾക്കൊടുവിൽ 2012ൽ വൻഭൂരിപക്ഷത്തോടെ ഗോവ കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഗോവ പരീക്കര്‍ക്കൊപ്പം നിന്നു.
രണ്ട് വർഷത്തിനിപ്പുറം 2014 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം അരുൺ ജയ്റ്റ്ലിക്ക് പകരക്കാരനായി രാജ്യത്തിന്‍റെ പ്രതിരോധമന്ത്രി സ്ഥാനത്തേക്ക്. ശേഷം ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലെത്തി. മോദി സർക്കാരിന്‍റെ വിശ്വസ്തമുഖമായും, നിർണായകഘട്ടങ്ങളിൽ ഫാസ്റ്റ് ഡിസിഷൻ മേക്കറായും പരീക്കർ മാറി. കോൺഗ്രസ് ഭരണകാലത്തെ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാട് ഉൾപ്പടെയുള്ള സുപ്രധാന കേസുകളിൽ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ജിക്കല്‍ സ്ട്രൈക്കും പരീക്കറുടെ ഭരണകാലത്തിന് തിളക്കം കൂട്ടി. ഗോവന്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന കാലത്തെല്ലാം ഗോവയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് പരീക്കർ സ്വീകരിച്ചത്. പരീക്കറുടെ ജനപ്രിയതയ്ക്ക് ഒരു കാരണവും ഈ നടപടികളായിരുന്നു.
2017 മാർച്ച് 14 ന് മുഖ്യമന്ത്രിയായി തിരികെ ഗോവയിലെത്തി. കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയെ അധികാരത്തിലെത്തിക്കുകയായിരുന്നു ദൗത്യം. പിന്നാലെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതും ഗോവന്‍ രാഷ്ട്രീയത്തിന് മുകളില്‍ പടര്‍ന്നു പന്തലിച്ച പരീക്കറെന്ന വടവൃക്ഷത്തിന്‍റെ കരുത്തിന് തെളിവായിരുന്നു.
2018 ഒക്ടോബർ 27നാണ് മനോഹർ പരീക്കറിന് പാൻക്രിയാസ് കാൻസറാണെന്ന് ഗോവ സർക്കാർ പ്രഖ്യാപിക്കുന്നത്. ഡൽഹി എയിംസിലും അമേരിക്കയിലുമൊക്കെയായി മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഒടുവില്‍ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പരീക്കര്‍ വിടപറയുമ്പോള്‍ ആ വിയോഗം ഗോവന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്നത് വല്ലാത്ത അനിശ്ചിതത്വമാണ്. പകരം കണ്ടെത്താനൊരു രാഷ്ട്രീയ നേതാവ് വേണം. അത് മനോഹര്‍ പരീക്കറെന്ന പേരിന് പകരമാവുകയും വേണം. തിരക്കിട്ട ചര്‍ച്ചകള്‍ക്കിടയിലും ബിജെപി നേരിടുന്ന പ്രതിസന്ധി അതാണ്. പരീക്കറുടെ നിര്യാണത്തോടെ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒരിക്കല്‍ കൂടി വേദിയാകുകയാണ് ഗോവ. പരിഹരിക്കാന്‍ പരീക്കറെന്ന അതികായന്‍ ഇല്ലെങ്കിലും.