ബമാക്കോ: വിമത സൈനികർ അട്ടിമറി നടത്തിയതിന് പിന്നാലെ മാലിയൻ പ്രസിഡന്റ് ഇബ്രാഹിം ബബാക്കർ കെയ്ത രാജിവച്ചു. സർക്കാരിന്‍റെയും മാലിയുടെയും ദേശീയ അസംബ്ലി ഇല്ലാതായെന്ന് 75കാരനായ ഇബ്രാഹിം സ്റ്റേറ്റ് ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. നീണ്ട വർഷത്തോളം മാലിയൻ ജനത നൽകിയ പിന്തുണക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. രാജി വയ്ക്കാതെ തനിക്കുമുന്നിൽ മറ്റ് മാർഗങ്ങളില്ലെന്നും കെയ്ത വ്യക്തമാക്കി.
മാസങ്ങൾ നീണ്ട രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് ഈ രാജി. കെയ്തയേയും പ്രധാനമന്ത്രി ബോബോ സിസെയും വിമത സൈനികർ ചൊവ്വാഴ്ച തടഞ്ഞുവെച്ചതിനെ തുടർന്നാണ് പ്രഖ്യാപനം. ഇബ്രാഹിം ബബാക്കർ കെയ്ത സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് സൈനിക നീക്കമുണ്ടായത്. ഈ ആവശ്യമുന്നയിച്ച് മാസങ്ങളായി മാലിയിൽ പ്രക്ഷോഭം നടന്നുവരികയാണ്.