മാഹി: മാഹിയിൽ മദ്യം കഴിച്ച് മരണപ്പെടുന്ന അജ്ഞാതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കേരളത്തോടു തൊട്ടു കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹിയിൽ മദ്യത്തിന് വില കുറവ് ഉണ്ടെന്നുള്ളതാണ് മദ്യപൻമാരെ മാഹിയിലേക്ക് ആകർഷിക്കുന്നത്. ഒൻപത് ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മാഹിയിൽ ബാറുകൾ ഉൾപ്പെടെ 67 മദ്യഷോപ്പുകൾ ഉണ്ട്. ഇവിടെ നിന്ന് വാങ്ങുന്ന പാർസൽ മദ്യത്തിന് ബില്ല് കൊടുക്കാറില്ല. ഇത് അറിയാതെ വാങ്ങുന്നവർ പലപ്പോഴും എക്സൈസിന്റെയും പൊലീസിന്റെയും പിടിയിലാകുന്നതും പതിവാണ്. മദ്യത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ച് ഇവിടെ ചോദ്യമില്ല.
വില കുറവാണ് ആളുകളെ മാഹിയിലേക്ക് ആകർഷിക്കുന്നത്. മാഹിയിൽ എത്തിയ മദ്യപിക്കാത്ത ഒരു സാധാരണക്കാരൻ തല കറങ്ങി വീണാലും മദ്യപിച്ച് ബോധം കെട്ടതായി ആളുകൾ കരുതും. ആരും തിരിഞ്ഞ് നോക്കില്ല. കാരണം ഇത് മാഹിയിലെ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ അജ്ഞാതർ വന്ന് വീണാലും ആരും തിരിഞ്ഞ് നോക്കില്ല. പിറ്റേന്ന് മരിച്ച കാഴ്ച കാണുകയാണെങ്കിലും മാഹി ശാന്തമായി പ്രവൃത്തിക്കും. ആറ് മാസത്തിനിടയിൽ മാഹിയിൽ ഇത്തരത്തിൽ റോഡരികിൽ മരിച്ചവരുടെ എണ്ണം 12 ആണ്. ഇത് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. അബോധവസ്ഥയിൽ വീണ് കിടക്കുന്നവരുടെ പണവും മറ്റ് വസ്തുക്കളും അപഹരിക്കുന്ന സാമൂഹിക വിരുദ്ധരും ഇവിടെ സജീവമാണ്. സാഹിത്യകാരൻ എം മുകുന്ദന്റെ നോവലിലെ മാഹി പുഴ പോലെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയാലും മാഹി ശാന്തമായി ഒഴുകും.