കൊല്ലം: കൊല്ലം കടപ്പുറത്ത് തിരമാലകൾക്കൊപ്പം പത നുരഞ്ഞ് പൊങ്ങി തീരത്തേക്ക് അടിയുന്ന കാഴ്ച കൗതുകത്തിന് ഒപ്പം ആശങ്കയും ഉണ്ടാകുന്നു. മുൻകാലങ്ങളിലും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും കാലവർഷം ശക്തിപ്രാപിച്ചതോടെ വലിയ അളവിലാണ് തീരത്തേക്ക് പത ഇരച്ച് കയറുന്നത്.
ബംഗളൂരുവിൽ ഇതിന് സമാന സംഭവം ഉണ്ടായതിനെ തുടർന്ന് നടത്തിയ പഠനത്തിൽ ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നതിന്റെ ഫലമായാണ് ഇത്തരത്തിൽ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, കൊല്ലം കടപ്പുറത്ത് വ്യാപകമായി മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയാണ്. ഇത് കടലിന്റെ സന്തുലിതാവസ്ഥയേയും ജീവ ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയെയും ഇല്ലാതാക്കും. കഴിഞ്ഞ പ്രളയത്തിൽ വലിയ തോതിൽ മാലിന്യം കടലിലേക്ക് ഒഴുകി എത്തിയിരുന്നു.