ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും സജീവമാണ്. രാജസ്ഥാന്‍ റോയല്‍സിന് എതിരെ നവംബര്‍ ഒന്നാം തിയതിയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.
ഇതിനകം 13 മത്സരങ്ങളില്‍ നിന്നായി 12 പോയിന്‍റുള്ള കോല്‍ക്കത്ത പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. രാജസ്ഥാന് എതിരായ മത്സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലെ കൊല്‍ക്കത്ത് ആദ്യ നാലില്‍ ഇടം പിടിക്കാന്‍ സാധിക്കൂ. അതേസമയം കുറഞ്ഞ റണ്‍റേറ്റും കൊല്‍ക്കത്തക്ക് തിരിച്ചടിയാകും. ഇതിനകം ആറ് മത്സരങ്ങളില്‍ വിജയിച്ച കൊല്‍ക്കത്തയുടെ നെറ്റ് റണ്‍റേറ്റ് -0.467 ആണ്. നിലവില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകളായ ബാംഗ്ലൂരിനും ഡല്‍ഹിക്കും 14 പോയിന്‍റ് വീതമുണ്ട്. അവരുടെ നെറ്റ് റണ്‍റേറ്റും കൊല്‍ക്കത്തയേക്കാള്‍ കൂടുതലാണ്. വരുന്ന മത്സരത്തില്‍ ജയിച്ചാലും കൊല്‍ക്കത്തക്ക് 14 പോയിന്‍റെ ലഭിക്കൂ.
ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന് മുന്നില്‍ പഞ്ചാബ് പരാജയപ്പെട്ടാല്‍ മാത്രമെ ഇത്തരം കണക്ക് കൂട്ടലുകള്‍ ശരിയാകൂ. അല്ലാത്ത പക്ഷം കൊല്‍ക്കത്തെയെ മറികടന്ന് പഞ്ചാബിന് മുന്‍തൂക്കം ലഭിക്കും. കൊല്‍ക്കത്തെയെ കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്ലേ ഓഫ് യോഗ്യതക്കായുള്ള മത്സരത്തിലാണ്. ചുരുക്കത്തില്‍ ഇന്ന് പഞ്ചാബ് പരാജയപ്പെട്ടാലെ ഐപിഎല്ലില്‍ മുന്നോട്ടുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തക്ക് പ്രതീക്ഷിക്കാന്‍ എന്തെങ്കിലും ബാക്കിയുണ്ടാകൂ. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഒഴികെ മറ്റ് ടീമുകള്‍ക്കൊന്നും ഇതേവരെ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.