ന്യൂഡല്‍ഹി: ഇതിഹാസ ക്രക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും താരതമ്യം ചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സച്ചിന്‍റെ 100 സെഞ്ച്വറികളെന്ന റെക്കോഡ് കോലി മറികടക്കുമോ എന്നത് ഏറെ കാലമായി ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഇതില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ സ്പന്നര്‍ ബ്രാഡ് ഹോഗ്. നിലവിലെ ഫോം തുടര്‍ന്നാല്‍ കോലിക്ക് സച്ചിന്‍റെ റെക്കോഡ് തകര്‍ക്കാനാകുമെന്ന് ഹോഗ് പറഞ്ഞു.
യുട്യൂബ് ചാനലില്‍ വിരാട് കോലിയുടെ ആരാധകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പരിക്ക് കാരണം താരങ്ങള്‍ക്ക് മത്സരങ്ങള്‍ നഷ്ടമാകുന്ന സാഹചര്യം കുറവാണെന്നത് കോലിക്ക് അനുകൂല സാഹചര്യമാണെന്നും ഹോഗ് പറഞ്ഞു. സച്ചിന്‍ കളി ആരംഭിച്ച കാലത്തേക്കാള്‍ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ഇന്ന് സംവിധാനങ്ങള്‍ എറെയാണ്. മികച്ച ഫിറ്റ്നസ് പരിശീലകരും ധാരാളമുണ്ട്. കൂടാതെ ഫിസിയോയുടെയും ടീം ഡോക്‌ടര്‍മാരുടെയും സേവനം യഥേഷ്ടം ലഭ്യമാകുന്നു. അതിനാല്‍ തന്നെ കോലിക്ക് സച്ചിന്‍റെ റെക്കോഡ് മറികടക്കാന്‍ സാധിക്കുമെന്ന് ഹോഗ് പറഞ്ഞു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്‍റെ കരിയറില്‍ 51 ടെസ്റ്റ് സെഞ്ച്വറിയും 49 ഏകദിന സെഞ്ച്വറിയും സ്വന്തമാക്കി. നിലവില്‍ സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയില്‍ കോലി മൂന്നാമതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ച്വറിയും ഏകദിനത്തില്‍ 43 സെഞ്ച്വറിയും അടക്കം 70 സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്‍റെ അക്കൗണ്ടില്‍ 71 സെഞ്ച്വറികളാണ് ഉള്ളത്.
നിലവില്‍ ലോകത്തെ ഏറ്റവും പ്രഹരശേഷി കൂടിയ ബൗളിങ് നിര ഇന്ത്യയുടെതാണെന്നും ഹോഗ് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2018-19 വര്‍ഷം ഇന്ത്യ നടത്തിയ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ബൗളര്‍മാരുടെ പ്രകടനം വിലയിരുത്തിയാണ് ഹോഗിന്‍റെ മറുപടി.