തിരുവനന്തപുരം: പൊലീസുകാരുടെ തപാൽ വോട്ട് അട്ടിമറിച്ചത് സംബന്ധിച്ച ആരോപണത്തിൽ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. അന്വേഷണം ഉചിതമായ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് കത്ത് നൽകിയതായും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സത്യവാങ്മൂലം സമർപ്പിച്ചത്.
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ സിപിഎം അനുകൂല പൊലീസ് അസോസിയേഷൻ നേതാക്കൾ കൂട്ടത്തോടെ കൈവശപ്പെടുത്തി എന്ന പരാതിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കി പുതിയ ബാലറ്റുകൾ വീണ്ടും വിതരണം ചെയ്യണമെന്ന് ഹർജിയിൽ ചെന്നിത്തല ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കാനിരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മെയ് എട്ടിന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റയ്ക്ക് കത്തു നൽകി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർ തപാൽ ബാലറ്റ് സൗകര്യം വിനിയോഗിച്ചത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നിത്തലയുടെ ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.