മലപ്പുറം: പൊന്നാനി നഗരസഭ ചെയർമാന്റെ സഹോദരൻ അനധികൃതമായി വയൽ നികത്തി വീട് വെച്ചെന്ന ആരോപണവുമായി യുഡിഎഫ് നേതാക്കൾ രംഗത്ത്. പൊന്നാനി ഈശ്വരമംഗലം പുഴമ്പ്രത്ത് 15 സെൻറാളം വരുന്ന വയൽ നികത്തി വീട് നിർമ്മിക്കാൻ നഗരസഭ സെക്രട്ടറി, ചെയർമാന്റെ അനുവാദത്തോടെ അനുമതി നൽകിയെന്നാണ് ആരോപണം.
മാഞ്ഞാമ്പ്രയകത്ത് ഷംസുദ്ദീൻ നൽകിയ വിവരാവകാശ രേഖയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. 2018 ഫെബ്രുവരിയിൽ നൽകിയ അപേക്ഷയ്ക്ക് ജൂൺ മാസത്തിൽ അനുമതി നൽകിയെന്നാണ് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്. വീട് നിർമ്മാണത്തിനു പുറമെ ഭൂമിയുടെ അതിർത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 25 ലക്ഷം രൂപയ്ക്ക് ഓട നിർമ്മിച്ചതായും ആക്ഷേപമുണ്ട്. സംഭവം വിവാദമായതിനെത്തുടർന്ന് പൊന്നാനിയിലെ യുഡിഎഫ് നേതാക്കളായ അഹമ്മദ് ബാഫഖി തങ്ങൾ, ടി.കെ. അഷ്റഫ്, ഫൈസൽ ബാഫഖി, പുന്നക്കൽ സുരേഷ്, യു. മുനീബ്, എം. അബ്ദുല്ലത്തീഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.