മലപ്പുറം: അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കുമെന്ന് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിന്‍റെ അംഗീകാരം കിട്ടിയാൽ ഉടൻ പുനഃസംഘടന ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച തീരുമാനങ്ങൾ രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ഉപതെരഞ്ഞെടുപ്പിൽ ആറു സീറ്റും യുഡിഎഫ് വിജയിക്കും. ഷാനിമോൾ ഉസ്മാന്‍റെ തോൽവി അപ്രതീക്ഷിതമാണ്. യുഡിഎഫിന്‍റെ ഉറച്ച മണ്ഡലമായ ആലപ്പുഴയിൽ തോൽവി സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുസ്‌ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയത്തിന് ആശംസകൾ അറിയിക്കാന്‍ പാണക്കാട് എത്തിയതായിരുന്നു മുല്ലപ്പള്ളി. പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, ഡിസിസി പ്രസിഡൻറ് വിവി പ്രകാശ് തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.