കൊച്ചി: ഹൈസ്കൂൾ- ഹയർസെക്കൻഡറി ലയനം ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തത്. ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിക്കാനിരിക്കെ ഖാദർ കമ്മറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ തുടർ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിലെ അനൗചിത്യം ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. കേന്ദ്രീകരണത്തിലൂടെ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന വിശദീകരണം കോടതി അംഗീകരിച്ചില്ല. ലയനം ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.
അതേസമയം ഹൈക്കോടതി നടപടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. സിപിഎം നൽകിയ റിപ്പോർട്ടിന്‍റെ പുറംചട്ട മാറ്റി ഖാദർ കമ്മിഷൻ റിപ്പോർട്ട് എന്നാക്കിയതിനുള്ള തിരിച്ചടിയാണിത്. നിലവിലെ റിപ്പോർട്ട് പിൻവലിക്കണം. സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി എല്ലാവരുമായി ചർച്ച ചെയ്ത് നടപ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്നും ചെന്നിത്തല പറഞ്ഞു.
ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഒരു ഡയറക്ടറേറ്റ് കീഴിലാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ ഒരു ഡയറക്ടറെയും നിയോഗിച്ചിരുന്നു. റിപ്പോർട്ടില്‍ ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിൽ തുടർനടപടികൾ സർക്കാരിന് നിർത്തിവെക്കേണ്ടി വരും.