ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ അമ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 15 സംഘടന ജില്ലകളെ പ്രതിനിധീകരിച്ച് 130 വനിതകൾ ഉൾപ്പെടെ 652 പേരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായ്ക് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു.
കഴിഞ്ഞ ഒരു വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങൾ സമ്മേളനം വിലയിരുത്തും. അതോടൊപ്പം രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തി അടുത്ത ഒരു വർഷം സംഘടന ഏറ്റെടുക്കേണ്ട മുദ്രാവാക്യങ്ങളും സമരങ്ങളും പ്രവർത്തനങ്ങളും സമ്മേളനത്തിൽ തീരുമാനിക്കും. നവകേരള പുനർനിർമാണത്തിന് പിണറായി വിജയൻ നേതൃത്വം നൽകുന്ന പ്രവർത്തനങ്ങൾക്ക് സിവിൽ സർവീസ് മേഖലയിൽ നിന്നുള്ള ജീവനക്കാരുടെ പിന്തുണയും സമ്മേളനം വാഗ്ദാനം ചെയ്തു. ഡോ. കെ ടി ശ്രീലതാ കുമാരിയെ സംസ്ഥാന പ്രസിഡന്റായും ടി എസ് രഘുലാലിനെ ജനറൽ സെക്രട്ടറിയായും പിഎസ് ശിവപ്രസാദിനെ ട്രഷററായും തെരഞ്ഞെടുത്തു. സമ്മേളനം മെയ് 27ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.