ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ തട്ടേകണ്ണൻ ആദിവാസി കോളനിയിലേക്ക് നിർമ്മിച്ചിട്ടുള്ള കലുങ്കുകൾക്ക് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത് വേഗത്തിലാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ.
നബാർഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ആദിവാസി കോളനിയായ തട്ടേക്കണ്ണൻ പ്രദേശത്തേക്കുള്ള റോഡിന്റെ നിർമ്മാണം നടക്കുന്നത്. കാണി സിറ്റി മുതൽ തട്ടേക്കണ്ണൻ കോളനി വരെയുള്ള പാതയിൽ മൂന്ന് കലുങ്കുങ്ങളുടെ നിർമ്മാണം ഏതാനും ആഴ്ചകൾക്ക് മുമ്പ് പൂർത്തീകരിച്ചിരുന്നു. കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നിർമ്മാണം പൂർത്തീകരിച്ച കലുങ്കുകളുടെ ഇരുവശങ്ങളിലും അപ്രോച്ച് റോഡ് നിർമ്മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കാലവർഷത്തിൽ കൈത്തോട് കരകവിയുന്ന സാഹചര്യത്തിൽ തടി വെട്ടിയിട്ട് താൽക്കാലിക സംവിധാനമൊരുക്കിയാണ് ഇവർ യാത്ര ചെയ്യുന്നത്. എന്നാൽ പ്രളയത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പ്രദേശം ഒറ്റപ്പെട്ടുപോയിരുന്നു. ഇരുപതോളം കുട്ടികൾ കുരങ്ങാട്ടി, മച്ചിപ്ലാവ് എന്നിവിടങ്ങളിൽ എത്തിയാണ് പഠനം നടത്തുന്നത്. ഇത്തരം സാഹചര്യത്തിൽ അപ്രോച്ച് റോഡ് നിർമാണം വേഗത്തിലാക്കണമെന്ന് കോളനിവാസികളുടെ ആവശ്യം.