ടൂറിന്‍: ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ യുവന്‍റസിന് എതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ ജയവുമായി ബാഴ്‌സലോണ. കളി തുടങ്ങി 14ാം മിനിട്ടില്‍ ഡെംപെലും അധികസമയത്ത് പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ലയണല്‍ മെസിയും യുവന്‍റസിന്‍റെ വല കുലുക്കി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് യുവന്‍റസ് ബാഴ്‌സയെ സ്വന്തം തട്ടകത്തില്‍ നേരിടാന്‍ ഇറങ്ങിയത്. 85ാം മിനിട്ടില്‍ തുര്‍ക്കിഷ് ഡിഫന്‍ഡര്‍ ഡെമിറാല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ആന്ദ്രെ പിര്‍ലോയുടെ ശിഷ്യന്‍മാര്‍ കളി പൂര്‍ത്തിയാക്കിയത്. ജയത്തോടെ ഗ്രൂപ്പ് ജിയില്‍ രണ്ട് ജയവുമായി ബാഴ്‌സ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെയ്‌പ്‌സിഗിന്‍റെ വല നിറച്ചു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്‍റെ ഹാട്രിക് മികവില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്‍റെ വിജയം. രണ്ടാം പകുതിയിലെ 74, 78, 90+2 മിനിട്ടുകളിലായിരുന്നു റാഷ്‌ഫോര്‍ഡിന്‍റെ ഗോളുകള്‍. റാഷ്‌ഫോര്‍ഡിനെ കൂടാതെ ഗ്രീന്‍വുഡും ആന്‍റണി മാര്‍ഷ്യലും യുണൈറ്റഡിന് വേണ്ടി വല ചലിപ്പിച്ചു.
റഷ്യന്‍ ക്ലബ് റസ്‌നൊദാറിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ചെല്‍സി പരാജയപ്പെടുത്തിയപ്പോള്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇസ്‌താംബുള്‍ ബസാകസറിനെതിരെയും ജയം സ്വന്തമാക്കി.