കടക്കെണിയില്‍പെട്ട് താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്സിന്‍റെ ഓഹരികള്‍ വാങ്ങുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. ഓഹരികള്‍ വാങ്ങുന്നതിനായി ചില കമ്പനികള്‍ താല്‍പര്യം കാണിച്ചിരുന്നെങ്കിലും ലേലത്തില്‍ ബിഡ് സമര്‍പ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല.
നിലവില്‍ 8400 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്. വീണ്ടും പ്രവര്‍ത്തന സജ്ജമാക്കണമെങ്കില്‍ ഇതിലും കൂടുതല്‍ പണം വേണ്ടിവരുമെന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ ചുമതലക്കാരായ എസ്ബിഐ ബാങ്ക് കണ്‍സോഷ്യത്തിന്‍റെ നിഗമനം. ആയതിനാല്‍ ഉയര്‍ന്ന തുക മുടക്കാന്‍ പ്രാപ്തരായവര്‍ എത്തിയാല്‍ മാത്രമേ ഇനി കമ്പനി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളു.
അതേ സമയം കമ്പനിക്ക് അടിയന്തര സഹായമെന്ന നിലയില്‍ 250 കോടി രൂപ വാഗ്ദാനം നല്‍കി കമ്പനി സ്ഥാപകനും മുന്‍ ചെയര്‍മാനുമായ നരേഷ് ഗോയല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ തുക സ്വീകരിക്കുന്ന കാര്യത്തില്‍ ബാങ്ക് കണ്‍സോഷ്യം അന്തിമ തീരുമാനം എടുത്തിട്ടില്ല.