കണ്ണൂർ: ജൈവ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് തൊട്ടിൽപ്പാലം മരുതോങ്കരയിലെ ജാനകിക്കാട് ഇക്കോ ടൂറിസം സെന്‍റർ. ഇടതൂർന്ന വിവിധയിനം മരങ്ങൾ, അത്യപൂർവ്വമായ ആയിരത്തോളം ഔഷധ സസ്യങ്ങൾ, 77 ഇനം പക്ഷികൾ, 120 ഇനം പൂമ്പാറ്റകൾ തുടങ്ങിയവ ജാനകിക്കാടിനെ ജൈവ സമ്പന്നമാക്കുന്നു.
കുറ്റ്യാടി പുഴയുടെ പ്രധാന കൈവഴി തഴുകി ഒഴുകുന്നു എന്നതും ജാനകിക്കാടിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കുളിക്കാൻ പ്രത്യേക കുളിക്കടവും ഒരുക്കിയിട്ടുണ്ട്. വന്യമൃഗ ഭയമില്ലാതെ 131 ഹെക്ടർ വനത്തിലൂടെ സഞ്ചരിക്കാമെന്നതാണ് ജാനകി കാടിന്‍റെ പ്രത്യേകത. രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയാണ് പ്രവേശനം. പേരാമ്പ്രയിൽ നിന്നും പതിമൂന്നും, കുറ്റ്യാടിയിൽ നിന്ന് എട്ടു കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം.