അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടേബിള്‍ ടോപ്പേഴ്‌സായ ചെന്നൈക്കും ബാംഗ്ലൂരിനും ഒപ്പമെത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നു. മോട്ടേരയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് പോരാട്ടം. തുടര്‍ജയം ലക്ഷ്യമിട്ടിറങ്ങുന്ന കൊല്‍ക്കത്തക്കും പ്രതീക്ഷകള്‍ ഏറെയാണ്. മൊട്ടേരയില്‍ രാത്രി 7.30നാണ് മത്സരം.
ലീഗില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നാലും ജയിച്ച ഡല്‍ഹി താളം കണ്ടെത്തിക്കഴിഞ്ഞു. ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് ഇതിനകം മൂന്ന് തവണ 50 റണ്‍സിന് മുകളിലുള്ള ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. ഓപ്പണര്‍മാര്‍ അര്‍ദ്ധസെഞ്ച്വറി നേടിയ മത്സരങ്ങളില്‍ ഡല്‍ഹി ജയം ഉറപ്പാക്കുകയും ചെയ്‌തു. ഇരുവരും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഫോമിലേക്ക് ഉയര്‍ന്നത് നായകന്‍ റിഷഭ് പന്തിന് ആശ്വാസമാകുന്നുണ്ട്.
മാര്‍ക്കസ് സ്റ്റോണിയസ്, സ്റ്റീവ് സ്‌മിത്ത്, കാസിഗോ റബാദ തുടങ്ങിയവര്‍ കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇത്തവണയും ടീം മികച്ച പ്രകടനം കാഴ്‌ചവെയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് പരിശീലകന്‍ റിക്കി പോണ്ടിങ്. ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മത്സരത്തില്‍ മിഡില്‍ ഓവറുകളില്‍ റിഷഭ് പന്തും ഷിമ്രോണ്‍ ഹിറ്റ്‌മേയറും ചേര്‍ന്ന് വമ്പന്‍ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇരുവരും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയെങ്കിലും ഒരു റണ്‍സിന് ജയം വഴുതിപ്പോയി.
മറുഭാഗത്ത് പാളിച്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് കൊല്‍ക്കത്ത. ഓപ്പണര്‍മാര്‍ ഫോമിലേക്ക് ഉയരാത്തതാണ് കൊല്‍ക്കത്ത നേരിടുന്ന പ്രധാന വെല്ലുവിളി. മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ ഒഴികെ ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ക്ലിക്കായിട്ടില്ല. ജയം അനിവാര്യമായ സാഹചര്യത്തില്‍ ഓപ്പണിങ്ങില്‍ പുതിയ പരീക്ഷണത്തിന് കൊല്‍ക്കത്ത മുതിര്‍ന്നേക്കും. നിതീഷ് റാണയെയോ ശുഭ്‌മാന്‍ ഗില്ലിനെയോ ബാറ്റിങ്ങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കി പരീക്ഷിക്കാനാകും നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ നീക്കം. പുതിയ കൂട്ടുകെട്ടിനെ ക്രീസിലെത്തിക്കാനുള്ള ശ്രമവും തള്ളിക്കളയാനാകില്ല.
മധ്യനിരയിലും കൊല്‍ക്കത്ത മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സീസണില്‍ ഇതേവരെ കൊല്‍ക്കത്തക്കായി കാര്യമായ സംഭാവന നല്‍കാന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്‌മാന്‍മാര്‍ക്കായിട്ടില്ല. നിലവില്‍ ദിനേശ് കാര്‍ത്തിക്ക്, സുനില്‍ നരെയ്‌ന്‍, ആന്ദ്രെ റസല്‍ എന്നീ മധ്യനിര ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് കാര്യമായ സംഭാവന ബാറ്റുകൊണ്ട് നല്‍കുന്നില്ല. ഇത് വാലറ്റത്ത് പാറ്റ് കമ്മിന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അമിത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ക്ക് ശ്രമിച്ചാകും കൊല്‍ക്കത്ത ഇന്ന് ഡല്‍ഹിയെ നേരിടുക. ബൗളിങ്ങില്‍ കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സും പ്രസിദ്ധ് കൃഷ്‌ണും പേസ് ആക്രമണം ഓരുക്കുമ്പോള്‍ സ്‌പിന്‍ ബൗളിങ്ങിന് വരുണ്‍ ചക്രവര്‍ത്തി നേതൃത്വം നല്‍കും.