മുംബൈ: കൊവിഡ് ആശങ്കയിലാണ് ഐപിഎല്‍. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്ലിന്‍റെ ഭാഗമായ വിദേശ താരങ്ങള്‍ ഇന്ത്യവിടുകയാണ്. ഇതിനകം അഞ്ച് വിദേശ താരങ്ങളാണ് വ്യക്തിപരമായ കാരണങ്ങളാല്‍ സ്വദേശത്തേക്ക് മടങ്ങിയത്. ഇതില്‍ നാലുപേര്‍ ഓസ്‌ട്രേലിയക്കാരും ഒരാള്‍ ഇംഗ്ലണ്ടില്‍ നിന്നുമാണ്. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസില്‍വുഡ്, ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ഇന്ത്യ വിട്ടപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ ലിയാം ലിവിങ്‌സ്റ്റണും സ്വദേശത്തേക്ക് മടങ്ങി. പരിക്ക് കാരണം സ്വദേശത്തേക്ക് മടങ്ങിയ വിദേശ താരങ്ങള്‍ക്ക് പുറമെയാണ് ഈ കണക്ക്.
ദിനംപ്രതിയെന്നോണം കൊവിഡ് വ്യാപനം വഷളാവുന്നത് ഐപിഎല്ലിന്‍റെ ഭാഗമാകുന്ന മറ്റ് വിദേശ താരങ്ങളെയും പരിശീലകരെയും ആശങ്കയിലാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തെ ആശങ്കയോടെയാണ് വിദേശരാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ കാണുന്നത്. വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത് ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ്. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്ന് ബോര്‍ഡ് പറഞ്ഞു. ഐപിഎല്ലിന്‍റെ ഭാഗമായ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയാണ് ബോര്‍ഡ്. ഐപിഎല്ലിന്‍റെ ഭാഗമായ ക്രിക്കറ്റേഴ്‌സിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തുടര്‍ന്നുള്ള തീരുമാനങ്ങള്‍. രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ വിദേശ രാജ്യങ്ങള്‍ ആശങ്കയിലാണ്.
ഐപിഎല്ലിന്‍റെ ഭാഗമായ വിദേശതാരങ്ങളില്‍ ഭൂരിഭാഗവും ഓസ്‌ട്രേലിയയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും. പിന്നിലായി ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയുമുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റേതിന് സമാന നീക്കം ന്യൂസിലന്‍ഡിലെയും ബ്രിട്ടനിലെയും ഉള്‍പ്പെടെ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നും പ്രതീക്ഷിക്കാം. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങളില്‍ വിദേശ താരങ്ങളെ അതത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ തിരിച്ചുവിളിക്കുകയാണെങ്കില്‍ ഐപിഎല്ലിന്‍റെ പകിട്ട് നഷ്‌ടമാകും.
40 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ഇതില്‍ പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങള്‍ ഗുജറാത്തിലെ മൊട്ടേരയിലാണ് നടക്കുക. ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കാനിരിക്കുന്ന ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഡല്‍ഹിയിലും അടക്കം കൊവിഡ് വ്യാപനം രൂക്ഷമാണ്. ആറ് വേദികളില്‍ ചെന്നൈയിലെ മത്സരങ്ങള്‍ പൂര്‍ണമായി.
അതേസമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്ലുമായി മുന്നോട്ട് പോകുന്നതിനെതിരെ രാജ്യത്തിനകത്ത് നിന്നും വിമര്‍ശനമുയരുന്നുണ്ട്. കൊവിഡ് രോഗികള്‍ ചികിത്സകിട്ടാതെ ബുദ്ധിമുട്ടുമ്പോള്‍ ഐപിഎല്ലുമായി മുന്നോട്ട് പോകുന്ന നടപടിക്കെതിരെയാണ് പ്രധാനമായും വിമര്‍ശനം.