കൊച്ചി: പൊതുജനത്തെയും സർക്കാരിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി അന്തര്‍സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് മുതൽ. ഇന്‍റർസ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് വൈകിട്ടാണ് ആരംഭിക്കുന്നത്.
കല്ലട ബസിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ തങ്ങളെ മനപൂർവം ദ്രോഹിക്കുന്നു എന്നാരോപിച്ചാണ് ബസുടമകൾ അനിശ്ചിതകാല സർവീസ് നിർത്താൻ തീരുമാനിച്ചത്. പാതിരാത്രിയിൽ യാത്രക്കാരനെ മർദ്ദിച്ച് പെരുവഴിയിൽ ഇറക്കി വിട്ടതും പിന്നീട് യാത്രക്കാരിക്ക് നേരെ ബസിനുള്ളിൽ ഉണ്ടായ ദുരനുഭവവും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടണമെന്ന് സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബസുടമകളുടെ അനിശ്ചിതകാല സമരം. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്. കേരളത്തിൽ നിന്നും അന്തർസംസ്ഥാനങ്ങളിലേക്ക് ഇന്നുമുതൽ ഒരൊറ്റ ബസ് പോലും ഓടില്ലെന്നും ബസുടമകൾ അറിയിച്ചു.
അതേസമയം അന്തർ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യബസുകളുടെ കൊള്ള തടയാൻ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. സീസൺ സമയങ്ങളിൽ സാധാരണ നിരക്കിനേക്കാൾ 12 ശതമാനത്തിലധികം വാങ്ങാൻ ബസുടമകളെ അനുവദിക്കരുതെന്ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.